ലണ്ടന്‍: യുകെയിലെ കുട്ടികളില്‍ ബാധിക്കപ്പെട്ട കരള്‍ വീക്കത്തിന് കാരണം അഡിനോ വൈറസ് ആണെതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബ്രിട്ടണിലെ ആരോഗ്യ അധികൃതര്‍. കഴിഞ്ഞ ജനുവരി മുതല്‍ യുകെയില്‍ പത്ത് വയസിന് താഴെയുള്ള 111 കുട്ടികള്‍ക്ക് കാരണം കണ്ടെത്താന്‍ സാധിക്കാത്ത കരള്‍ വീക്കം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതില്‍ പത്ത് കുട്ടികള്‍ക്ക് കരള്‍ മാറ്റി വയ്ക്കേണ്ടി വന്നു.
ഇപ്പോഴുണ്ടായിരിക്കുന്ന കരള്‍ വീക്കത്തിന്‍റെ കാരണം പൂര്‍ണമായി വ്യക്തമായിട്ടില്ലെങ്കിലും അഡിനോ വൈറസാണ് കാരണമെന്നാണ് കൂടുതല്‍ സംശയിക്കപ്പെടുന്നതെന്ന് യുകെ ആരോഗ്യ അധികൃതര്‍ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരില്‍ 75 ശതമാനം പേരിലും അഡിനോ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. അഡിനോ വൈറസ് ശരാശരിയിലും കൂടുതലായി കുട്ടികളില്‍ ഇപ്പോള്‍ വ്യാപിക്കുകയാണ്. കൊവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷം അഡിനോ വൈറസിന്‍റെ വ്യാപാനം അസാധാരണമാം വിധം കുറഞ്ഞിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം സാധാരണ വൈറസ് അണുബാധയില്‍ ഉണ്ടായ വര്‍ധനവുമായി ബന്ധപ്പെട്ടാണ് കരള്‍രോഗവും കുട്ടികളില്‍ വ്യാപിച്ചിട്ടുണ്ടാകുക എന്നുള്ള നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടന്നുവരികയാണ്. രണ്ട് വര്‍ഷമായി അഡിനോ വൈറസിന്‍റെ സാന്നിധ്യം നേരിടാത്ത കുട്ടികള്‍, പെട്ടെന്നുണ്ടായ അഡിനോ വൈറസിന്‍റെ വ്യാപനം അവരില്‍ രോഗങ്ങള്‍ക്ക് ഇടവരുത്തുകയാണെന്ന് എന്ന നിഗമനം ശാസ്ത്ര ലോകത്തിനുണ്ട്. ലോകത്താകെയായി കാരണം കണ്ടെത്താന്‍ സാധിക്കാത്ത 169 കരള്‍വീക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഇതില്‍ ബഹുഭൂരിപക്ഷം കേസുകളും.
ALSO READ: വാക്‌സിൻ സ്വീകരിക്കാത്തവർ വാക്‌സിൻ സ്വീകരിച്ചവർക്ക് ഭീഷണിയാകുന്നു എന്ന് പഠനങ്ങൾ