വാഷിംഗ്‌ഷൺ: കൗമാരക്കാരിൽ നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം അനിവാര്യമാമെന്ന് പഠനങ്ങൾ. രാത്രിയിൽ എട്ട് മണിക്കൂറിൽ താഴെ ഉറങ്ങുന്ന കൗമാരക്കാർ മതിയായ ഉറക്കമുള്ള സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കം കുറവുള്ളവരിൽ അധിക കൊഴുപ്പ്, ഉയർന്ന രക്തസമ്മർദ്ദം, അസാധാരണമായ രക്തത്തിലെ ലിപിഡ്, ഗ്ലൂക്കോസ് അളവ് എന്നിവയുൾപ്പെടെ മറ്റ് പല അനാരോഗ്യകരമായ അവസ്ഥകളും ഉണ്ടാകാനുളള സാധ്യത കൂടുതലാണ്.
ഇന്നത്തെ കാലത്ത് മിക്ക കൗമാരക്കാർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ഇത് അവരുടെ ശരീര പ്രകൃതിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും ഭാവിയിൽ കൂടുതൽ ശാരീരിക പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. കൗമാരക്കാരിലെ ഉറക്കമില്ലായ്‌മ അവരുടെ സ്‌ക്രീനിങ് സമയവുമായി എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകർ നിരീക്ഷിച്ചു വരികയാണ്.
നിലവിൽ 1229 കൗമാരക്കാരിൽ ഉറക്കത്തിന്‍റെ ദൈർഘ്യവും ആരോഗ്യവും തമ്മിലുള്ള ബന്ധം ഈ പഠനത്തിലൂടെ പരിശോധിച്ചു. ശരാശരി പ്രായം 12 വയസുള്ള ചെറുപ്പക്കാരുടെ ഏഴ് ദിവസത്തെ ഉറക്കം തുടർച്ചായായാണ് പരിശോധിച്ചത്. ഇതിന്‍റെ നിഗമനത്തിൽ 6 മുതൽ 12 വയസുവരെയുള്ളവർക്ക് രാത്രി 9 മുതൽ 12 മണിക്കൂറും 13 മുതൽ 18 വയസുവരെയുള്ളവർക്ക് 8 മുതൽ 10 മണിക്കൂറും ഉറക്കം അനിവാര്യമാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ നിർദേശിക്കുന്നു.
ഇവരുടെ ശാരീരത്തിലെ ആരോഗ്യ - അനാരോഗ്യാവസ്ഥ നിരീക്ഷിച്ചതിൽ നിന്ന് പങ്കെടുക്കുത്തവരിൽ 12 വയസുള്ളവരിൽ 34% പേർ മാത്രമാണ് രാത്രിയിൽ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നത്. 14 മുതൽ 16 വയസ് വരെ ഉള്ളവരിൽ ഇത് 23 ശതമാനവും 19 ശതമാനവും ആയി വീണ്ടും കുറയുന്നതായി കണ്ടെത്തി. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാത്രിയിൽ കൂടുതൽ സമയം ഉറങ്ങാനും സ്‌ക്രീനിങ് സമയം കുറക്കാനും കൗമാരക്കാരുടെ കാര്യത്തിൽ രക്ഷിതാക്കൾ മുൻകൈയെടുക്കണമെന്ന് ഗവേഷകർ പറയുന്നു.