ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. ഈ സമയത്ത് ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയുകയെന്നത് വളരെ പ്രധാനമാണ്. നല്ല ഭക്ഷണം, നല്ല സാഹചര്യം, നല്ല കാഴ്‌ചകള്‍, നല്ല വയന എന്നിവയെല്ലാം ഈ കാലഘട്ടം ആരോഗ്യകരമായി പൂര്‍ത്തീകരിക്കാൻ സഹായിക്കും. എന്നാല്‍ ചില ഘടകങ്ങള്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കും.
40 ആഴ്‌ചയാണ് ഗര്‍ഭകാലഘട്ടമായി കണക്കാക്കുന്നത്. ഇതില്‍ 37 ആഴ്‌ചകള്‍ക്ക് മുന്‍പ് പ്രസവിക്കുന്ന കുഞ്ഞങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അവരെ ശ്രദ്ധയോടെ പരിപാലിക്കേണ്ടത് പ്രധാനമാണ്.
ഗര്‍ഭകാലത്ത് അമ്മയില്‍ കാണുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം, ഡയബെറ്റിസ്, അണുബാധ, രക്തസ്രാവം, ജനിതക ഘടകങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് കൂടുതലായും മാസം തികയാതെയുള്ള പ്രസവം സംഭവിക്കുന്നത്. ഗര്‍ഭകാലത്ത് പുകവലി, മദ്യപാനം, അനാവശ്യ മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് കൂടുതല്‍ സങ്കീര്‍ണത സൃഷ്‌ടിക്കും. അതിനാല്‍ ഇത്തരം ശീലങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
37 ആഴ്‌ചകള്‍ക്ക് മുന്‍പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളെയാണ് മാസം തികയാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെന്ന് പറയുന്നത്. ഇവര്‍ക്ക് മാസം തികഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങളെക്കാള്‍ ആരോഗ്യം കുറവായിരിക്കും. രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. വര്‍ഷം തോറും ഒരു ദശകോടിയിലധികം കുഞ്ഞുങ്ങളാണ് മാസം തികയാതെ ജനിച്ച് പല വിധ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുന്നത്. അതിജീവിക്കുന്ന കുഞ്ഞുങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അംഗവൈകല്യമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. മാസം തികയാതെയുള്ള പ്രസവം നടക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയെടുത്താന്‍ ഇന്ത്യ മുന്നിലാണ്.
മാസം തികയാതെയുള്ള പ്രസവം തടയാം: പതിവായോ ഇടയ്‌ക്കിടയ്‌ക്കോ അടിവയറ്റില്‍ വലിഞ്ഞുമുറുകുന്നപോലെ വേദന അനുഭവപ്പെടുക, നിരന്തരമായ നടുവേദന, ഇടയ്‌ക്കിടെയുണ്ടാകുന്ന വയറു വേദന തുടങ്ങിയവ അവഗണിക്കരുത്. ചിലര്‍ക്ക് രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ട്. ഈ കാലയളവില്‍ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കണം. ഡയബെറ്റിസും ബ്ലെഡ് പ്രഷറും കൃത്യമായിരിക്കാന്‍ ശ്രദ്ധക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഉടന്‍ ഡോക്‌ടറെ കാണുക.
ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രം കഴിക്കുക. ഗര്‍ഭാശയത്തിലോ സെര്‍വിക്കിനോ മര്‍ദമോ വേദനയോ അനുഭവപ്പെട്ടാല്‍ ഡോക്‌ടറുടെ ഉപദേശം തേടുക. പൂര്‍ണ ആരോഗ്യമുള്ള സ്‌ത്രീകള്‍ക്ക് 39 ആഴ്‌ചകള്‍ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിന് പൂര്‍ണ വളര്‍ച്ചയെത്താതിനെ തുടര്‍ന്ന് ശ്വാസമെടുക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നൽകണം. രോഗ പ്രതിരോധ ശേഷി കുറവായിരുന്നതിനാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കുഞ്ഞുങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ മഞ്ഞപിത്തം പോലുള്ള രോഗങ്ങളും പെട്ടന്ന് പിടിപ്പെടാം. രക്തക്കുറവ്, തലച്ചോറിലെ രക്തധമനികള്‍ പൊട്ടി രക്തസ്രാവം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാസം തികയാതെ കുഞ്ഞിനെ പ്രസവിക്കുന്ന സ്‌ത്രീകളുടെ ആരോഗ്യവും പ്രസവശേഷം മോശമാകാനുള്ള സാധ്യതയുണ്ട്.
ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ ദിവസവും 30 മിനിറ്റ് കുറയാതെ വ്യായാമം ചെയ്യുക. യോഗ പരിശീലിക്കുന്നതും നല്ലതാണ്. ഈ കാലഘട്ടത്തില്‍ അമിതമായി വണ്ണം കൂടാനോ മെലിയാനോ പാടില്ല. ശാരീരികമായും മാനസികമായും സന്തോഷത്തോടെ ഇരിക്കുക.