കൊവിഡ് വൈറസിന്‍റെ വകഭേദമായ ഒമിക്രോണ്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഇതിനെ ആശങ്കയുളവാക്കുന്ന വകഭേദത്തിന്‍റെ(variants of concern) ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്. ഒമിക്രോണ്‍ പോലെ നമുക്ക് ഭീഷണി സൃഷ്ടിക്കുന്ന എത്ര വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടാകാം?.ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബെന്‍ കൃഷ്‌ണ എഴുതുന്നു.
ജീവനുള്ളതിന്‍റെ ഗണത്തില്‍ വൈറസിനെ ഉള്‍പ്പെടുത്തണോ എന്നുള്ളതില്‍ ശാസ്ത്രലോകത്തില്‍ ഒരു സമവായമുണ്ടായിട്ടില്ല. പക്ഷേ ജീവനുള്ള ഏതൊന്നിനെപോലേയും വൈറസിന് പരിണാമം സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് കൊവിഡ് 19ന് കാരണമായ സാര്‍സ് കോവ്-2ന്‍റെ പുതിയ വകഭേദങ്ങള്‍ മാസങ്ങളുടെ കലയളവില്‍ ഉടലെടുക്കുന്നത്. ഇതിലെ വ്യാപന ശേഷി കൂടുതലുള്ള വകഭേദങ്ങള്‍ മറ്റ് വകഭേദങ്ങളെ പിന്തള്ളി ആധിപത്യം സ്ഥാപിക്കുന്നു.
ALSO READ:30 ലേറെ തവണ ജനിതക മാറ്റം ; ഒമിക്രോണിന് പ്രതിരോധശേഷി കൂടുതലെന്ന് പഠനം
വൈറസിന്‍റെ കൂണിന്‍റെ ആകൃതിയിലുള്ള സ്പൈക്ക് പ്രോട്ടീനില്‍ ( spike protein) സംഭവിക്കുന്ന പരിവര്‍ത്തനമാണ്(mutations) വൈറസിന്‍റെ വ്യാപന ശേഷി വര്‍ധിപ്പിക്കുന്നത്. സ്പൈക്ക് പ്രോട്ടീനാണ് നമ്മുടെ കോശത്തിന്‍റെ ഉപരിതലത്തിലുള്ള എസിഇ2 റിസപ്‌റ്റേഴ്‌സില്‍ (ACE2 receptors)പറ്റിപ്പിടിക്കാന്‍ വൈറസിനെ സഹായിക്കുന്നത്. കോശത്തില്‍ പറ്റിപ്പിടിച്ച് കഴിഞ്ഞാല്‍ വൈറസ് നമ്മുടെ ശരീരത്തില്‍ പെരുകുന്നു.
സാര്‍സ് കോവ് 2ന്‍റെ വകഭേദങ്ങളായ ഡെല്‍റ്റയും ആല്‍ഫയും വ്യാപകമായതുപോലെ ഒമിക്രോണും ലോകത്ത് വ്യാപകമാകാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്. എന്നാല്‍ വൈറസിന്‍റ പ്രഹര ശേഷി അനന്തമായി തുടരില്ല. നമ്മുടെ കോശത്തിന് പുറത്തുള്ള എസിഇ2 റിസെപ്റ്റേഴ്‌സില്‍ നല്ലവണ്ണം പറ്റിപ്പിടിക്കാനുള്ള ശേഷി ഒരു വൈറസ് ക്രമേണ ആര്‍ജിക്കും. ആ ഘട്ടത്തില്‍ വൈറസിന്‍റെ വ്യാപന ശേഷി, കോശത്തില്‍ പറ്റിപ്പിടിക്കാനുള്ള അതിന്‍റെ ശേഷി മാത്രം ആശ്രയിച്ചായിരിക്കില്ല. മറ്റ് ഘടകങ്ങളും വ്യാപന ശേഷിയെ നിയന്ത്രിക്കുന്നു. വൈറസിന്‍റെ പകര്‍പ്പ് എത്രവേഗത്തില്‍ ഉണ്ടാകും. എത്ര വേഗത്തില്‍ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ വൈറസിന് സാധിക്കും. ബാധിക്കപ്പെട്ടയാള്‍ എത്ര വൈറസുകളെ പുറത്തുവിടും. എന്നീ ഘടകങ്ങളും വൈറസിന്‍റ വ്യാപന ശേഷി നിര്‍ണയിക്കുന്നു. ആത്യന്തികമായി ഈ ഘടകങ്ങളൊക്കെ പാരമ്യത്തിലെത്തും.
ഒമിക്രോണ്‍ ഉടലെടുത്തതോടെ, സാര്‍സ് കോവ്-2ന്‍റെ കാര്യത്തില്‍ വ്യാപനശേഷി നിയന്ത്രിക്കുന്ന മേല്‍പ്പറഞ്ഞ ഘടകങ്ങളൊക്കെ അവയുടെ പാരമ്യത്തിലെത്തിയോ( peak)? പഠനങ്ങള്‍ കണ്ടെത്തിയത് സാര്‍സ് കോവ്-2 ഈ ഒരു ഘട്ടത്തില്‍ എത്തിയിട്ടില്ല എന്നാണ്. അതായത് ഒമിക്രോണിനേക്കാള്‍ വ്യാപന ശേഷിയുള്ള വകഭേദങ്ങള്‍ സാര്‍സ് കോവ് 2ന് ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ള പുതിയ വകഭേദം സാര്‍സ് കോവ്-2ന് ഉണ്ടായില്ലെങ്കില്‍ പോലും മനുഷ്യന്‍റെ പ്രതിരോധശേഷിയെ കൂടുതല്‍ ശക്തമായി മറികടക്കുന്ന പുതിയ വകഭേങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നമ്മുടെ ശരീരത്തില്‍ വൈറസ് പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്നു. ആന്‍റിബോഡികള്‍ വൈറസില്‍ പറ്റിപ്പിടിച്ച് അതിനെ നിര്‍വീര്യമാക്കുന്നു. ശരീരത്തിലെ ടി സെല്ലുകള്‍(T-cells) വൈറസിനെ നശിപ്പിക്കുന്നു. ആന്‍റിബോഡികള്‍ വൈറസിന്‍റെ സവിശേഷമായ തന്‍മാത്ര രൂപത്തിലാണ് (molecular shape) പറ്റിപ്പിടിക്കുന്നത്. വൈറസിനെ നശിപ്പിക്കുന്ന ടി സെല്ലുകള്‍ വൈറസ് പ്രവേശിച്ച കോശങ്ങളെ മനസിലാക്കുന്നത് വൈറസിന്‍റെ ഈ പ്രത്യേകമായ തന്‍മാത്ര രൂപംകൊണ്ടാണ്. വൈറസ് അതിന്‍റെ മ്യൂട്ടേഷനിലൂടെ തന്‍മാത്രരൂപം മാറ്റി നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നു.
ഈ ഒരു പ്രതിഭാസം കൊണ്ടാണ് വാക്സിനുകള്‍ സ്വീകരിച്ചത് മൂലമോ മുന്‍പ് കൊവിഡ് വന്നതുകൊണ്ടോ ഉണ്ടായ പ്രതിരോധത്തെ ഒമിക്രോണ്‍ വകഭേദത്തിന് മറികടക്കാന്‍ കഴിഞ്ഞത്. മാത്രമല്ല ഒമിക്രോണ്‍ വകഭേദത്തിന് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് നമ്മുടെ കോശത്തിലെ എസിഇ2 റിസപ്റ്റേഴ്‌സില്‍ പറ്റിപ്പിടിക്കാനുള്ള ശേഷി വര്‍ധിച്ചത് ആന്‍റിബോഡികള്‍ക്ക് അതിനെ നിര്‍വീര്യമാക്കാനുള്ള ശേഷി കുറച്ചു. അതേസമയം കൊവിഡ് വന്നത്കൊണ്ടുണ്ടായ പ്രതിരോധ ശേഷി ഒമിക്രോണ്‍ ബാധ തീവ്രമാകുന്നത് തടയുന്നു എന്ന് പ്രഥമിക പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
സാര്‍സ് കോവ്-2ന്‍റ ഭാവി എന്തായിരിക്കും
മ്യൂട്ടേഷനിലൂടെ സാര്‍സ്-കോവ്-2ന്‍റെ വ്യാപനശേഷി പാരമ്യത്തിലെത്തി കഴിഞ്ഞാലും കൊവിഡ് തീവ്രമാകുകയും മരണ നിരക്ക് വര്‍ധിക്കണമെന്നുമില്ല. വ്യാപനശേഷി പാരമ്യത്തിലെത്തിയ വകഭേദത്തിന് വീണ്ടും മ്യൂട്ടേഷന്‍ സംഭവിക്കുകയും അങ്ങനെ നമ്മുടെ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ സാധിക്കുകയും ചെയ്യും. പക്ഷേ രോഗം തീവ്രമാകാനുള്ള സാധ്യത കുറവായിരിക്കും.
താരതമ്യേന നിരുപദ്രവകാരികളായ ജലദോഷ പനി സീസണ്‍ പോലെ കൊവിഡ് സീസണ്‍ ഉണ്ടായേക്കാം. സാധാരണ പനിക്ക് കാരണമായ വൈറസിനും മ്യൂട്ടേഷന്‍ സംഭവിക്കുന്നുണ്ട് അത്കൊണ്ടാണ് നമുക്ക് വീണ്ടും ഈ രോഗങ്ങള്‍ പിടിപെടുന്നത്. എന്നാല്‍ ഒരോ പുതിയ മ്യൂട്ടേഷനും ,മുമ്പത്തേ മ്യൂട്ടേഷനേക്കാളും ,അതിന്‍റെ വ്യാപനശേഷിയിലോ രോഗം തീവ്രമാക്കാനുള്ള ശേഷിയിലോ മികച്ചതായിരിക്കണമെന്നില്ല. അതിന്‍റെ മുന്‍ഗാമിയുടെ ജനിതകഘടനയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് മാത്രം അങ്ങനെ അതിന് മുമ്പ് രോഗം വന്നതിലൂടെ നമ്മുടെ ശരീരം ആര്‍ജിച്ച പ്രതിരോധം മറികടക്കാന്‍ കഴിയും.
മറ്റൊരു കൊറോണ വൈറസായ 229ഇയുടെ പരിണാമത്തിന്‍റ രീതിയിലായിരിക്കും സാര്‍സ് കോവ്-2 ന്‍റെ പരിണാമമാവും സഞ്ചരിക്കാന്‍ പോകുന്നത് .നിരുപദ്രവമായ ജലദോഷം ഉണ്ടാക്കുന്ന വൈറസാണ് ഇപ്പോള്‍ 229ഇ. ഒമിക്രോണ്‍ സാര്‍സ് കോവ്-2ന്‍റെ അവസാന പരിണാമമായിരിക്കില്ല പക്ഷേ ആശങ്കയുളവാക്കുന്ന അവസാനത്തെ വകഭേദമായിരിക്കാനാണ് സാധ്യത. വളരെ സാവധാനം മ്യൂട്ടേറ്റ് ചെയ്യുന്ന സാധാരണഗതിയില്‍ നിരുപദ്രവമായ വൈറസായി സാര്‍സ് കോവ് 2 മാറാനുള്ള സാധ്യതയാണുള്ളത്.