വാഷിംഗ്ടണ്‍: തൊഴിലിടങ്ങളിലെ പ്രണയം നിങ്ങളെ അവിടെ നിന്ന് നിഷ്കാസിതരാക്കുമെന്ന് പഠനം. ചൈനയിലെ ജിയാങ്സിയിലുള്ള നാന്‍ചാങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജുന്‍ ക്യു ആണ് ഈ പഠനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തൊഴിലിടങ്ങളിലെ പ്രണയം ജീവനക്കാരുടെ തൊഴില്‍ മനോഭാവത്തെയും സ്വഭാവത്തെയും തൊഴില്‍ സംതൃപ്തിയെയും പ്രകടനത്തെയും ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം തൊഴിലിട പ്രണയവും തൊഴിലിട ബഹിഷ്ക്കരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായി പഠനം വെളിപ്പെടുത്തുന്നില്ല. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രണയം മറ്റ് സഹപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിലേക്ക് നയിക്കാമെന്ന് മറ്റൊരു പഠനത്തില്‍ പറയുന്നുണ്ട്. പാകിസ്ഥാനിലെ സേവനമേഖലയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൂന്ന് തവണയായി എട്ടാഴ്ചയോളം ചോദ്യാവലി നല്‍കി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 343 പേരിലാണ് ഈ സര്‍വെ നടത്തിയത്. 69ശതമാനമായിരുന്നു ഈ സര്‍വേയോടുള്ള പ്രതികരണ നിരക്ക്.
തൊഴിലിടങ്ങളിലെ അവരുടെ പ്രണയം തൊഴിലിനെ എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാനമായും ചോദിച്ചത്. ഇത്തരം ബന്ധങ്ങള്‍ മറ്റ് സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങളും ഉണ്ടായി. ഇത്തരം പ്രണയം മൂലം മറ്റുള്ളവര്‍ നിങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ പോലുള്ളവ ചെയ്യുന്നുണ്ടോയെന്നും ചോദ്യമുണ്ടായി. അന്തിമ സര്‍വെയ്ക്ക് ശേഷം സ്റ്റാറ്റിസ്‌റ്റിക്കല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഗവേഷകര്‍ വിവരങ്ങള്‍ വിശകലനം ചെയ്തു.
പ്രണയത്തിലായിരിക്കുന്നവരെ മറ്റ് സഹപ്രവര്‍ത്തകര്‍ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്ന് ഇതില്‍ നിന്ന് കണ്ടെത്താനായി. ഇത് അവരെ ക്രമേണ തൊഴിലിടത്തില്‍ ഒറ്റപ്പെടുത്തുകയും തൊഴില്‍ വിട്ട് പോകുന്നതിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. അതേസമയം പാകിസ്ഥാനിലെ സേവന മേഖലകളിലെ ഈ അനുഭവങ്ങള്‍ സാമാന്യവത്ക്കരിക്കാനാകുമോ എന്ന് കൂടുതല്‍ പഠനങ്ങളിലൂടെ മാത്രമേ കണ്ടെത്താനാകൂ. ചിലപ്പോള്‍ ചില സാംസ്കാരിക വ്യത്യസ്തതകളാകാം കാരണമെന്ന നിരീക്ഷണവും ഉണ്ട്.
അതുപോലെ തന്നെ സര്‍വെ നടത്തിയ 343 പേരില്‍ എത്രപേര്‍ തൊഴിലിടങ്ങളില്‍ പ്രണയത്തിലാണെന്ന കാര്യവും വ്യക്തമല്ല. ഇതിന് പുറമെ ലിംഗ വ്യത്യാസങ്ങളും ഇതിനെ ബാധിക്കാം. തൊഴിലിടങ്ങളിലെ പ്രണയത്തിലൂടെ തൊഴിലില്‍ നിന്ന് നിഷ്കാസിതാരാകുന്ന സ്ഥിതിയിലേക്ക് എത്തുന്നുണ്ടോയെന്നതിനും ഭാവിയില്‍ പഠനങ്ങള്‍ ആവശ്യമാണ്.
തൊഴിലിടങ്ങളിലെ പ്രണയത്തില്‍ സ്ഥാപനത്തിന്‍റെ ഇടപെടല്‍ ആവശ്യമാണ്. ചില സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ കാര്യത്തില്‍ ചില നയങ്ങള്‍ ഉള്ളത്. വ്യക്തികള്‍ തമ്മിലുള്ള ഇത്തരം ബന്ധങ്ങള്‍ക്ക് സ്ഥാപനതലത്തില്‍ ചില ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനായേക്കും. അത് കൊണ്ട് തന്നെ സ്ഥാപനങ്ങള്‍ തൊഴിലിടങ്ങളിലെ സ്വീകരിക്കാവുന്ന സ്വഭാവങ്ങളും സ്വീകരിക്കാനാകാത്ത സ്വഭാവങ്ങളും വ്യക്തമാക്കുന്ന നയങ്ങളെക്കുറിച്ച് കൃത്യമായ പരിശീലനം നല്‍കേണ്ടതുണ്ട്. കൃത്യമായ എച്ച് ആര്‍ നയങ്ങളില്ലെങ്കില്‍ ആഴത്തിലുള്ള പ്രണയബന്ധങ്ങള്‍ തൊഴിലിനെ ബാധിച്ചേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
also read: വിവാഹേതര ബന്ധത്തിലാണോ നിങ്ങള്‍? കുറ്റബോധം സിനിമയില്‍ മാത്രമെന്ന് പഠനം