പുതിയ കൊവിഡ് ചികിത്സാരീതി വികസിപ്പിച്ചെടുക്കുന്നതിന്‍റ ദൗത്യത്തിലാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. രക്തത്തിന്‍റെ കട്ടികുറയ്‌ക്കുന്ന മരുന്നുപയോഗിച്ച് നാസല്‍ സ്പ്രെ നടത്തിയുള്ള ചികിത്സാ രീതിയാണ് ഇത്. ഒമിക്രോണ്‍ വകഭേദമടക്കമുള്ള കൊവിഡിന്‍റെ എല്ലാവകഭേദങ്ങള്‍ക്കും ഈ ചികിത്സാരീതി ഫലപ്രദമാകുമെന്നാണ് ആദ്യഘട്ട പഠനങ്ങളില്‍ വ്യക്തമാവുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
രക്തം കട്ടപിടിക്കുന്നത് തടയാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹെപാരിനാണ് ഈ നാസല്‍ സ്‌പ്രെയിലെ സജീവ ഘടകം. ഈ സ്‌പ്രെ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ തന്നെ സൂക്ഷിച്ച് വയ്‌ക്കാവുന്നതാണ്. നാസല്‍ സ്പ്രെ വളരെ എളുപ്പത്തില്‍ വിദഗ്ദ്ധ സഹായമില്ലാതെ തന്നെ എടുക്കാന്‍ സാധിക്കുന്നതുമാണെന്ന് ഗവേഷകര്‍ പറഞ്ഞു. ഒരു ദിസവം മൂന്ന് തവണ രണ്ട് നാസാദ്വാരത്തിലും നിശ്ചിത അളവില്‍ സ്പ്രെ ചെയ്യുകയാണ് ഈ ചികിത്സ.
ALSO READ:കൊവിഡ് വൈറസിന്‍റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണ്‍ ; എത്രയെണ്ണം ഉണ്ടാകാം ?
കൊവിഡ് ആദ്യ ബാധിക്കുന്നത് മൂക്കിലെ കോശങ്ങളെയാണ്. വൈറസ് മൂക്കിലെ കോശങ്ങളിലെ ഹെപ്പാരന്‍ സള്‍ഫേറ്റില്‍ ബന്ധിക്കുന്നു. ഹെപ്പാരന്‍ സള്‍ഫേറ്റിന് സമാനമായ ഘടനയുള്ള ഹെപ്പാരിന്‍ വൈറസിന്‍റെ കെണിയായി പ്രവര്‍ത്തിക്കുകയും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കോ മറ്റുള്ളവരിലേക്കോ പടരുന്നത് തടയുകയും ചെയ്യുമെന്ന ശാസ്ത്രീയമായ അനുമാനത്തിലാണ് ഹെപ്പാരിന്‍ ഉപയോഗിച്ചുള്ള നാസല്‍ സ്പ്രെ ചികിത്സരീതി വികസിപ്പിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്.
ഒമിക്രോണ്‍ വകഭേദങ്ങളടക്കം എല്ലാ വകഭേദങ്ങളും മൂക്കിലെ കോശങ്ങളിലെ ഹെപ്പാരന്‍ സള്‍ഫേറ്റില്‍ അവയുടെ സ്‌പൈക്ക് പ്രോട്ടിന്‍ ബന്ധിപ്പിച്ച് കൊണ്ടാണ് ശരീരത്തില്‍ പ്രവേശിക്കുന്നത് കൊണ്ട് തന്നെ ഈ ചികിത്സാരീതി എല്ലാ വകഭേദങ്ങള്‍ ചെറുക്കുന്നതിനും ഫലപ്രദമാണെന്ന് ഗവേഷകര്‍ പറഞ്ഞു. നാസല്‍ സ്പ്രെയുടെ ക്ലിനിക്കല്‍ ട്രയല്‍ അടുത്തവര്‍ഷം ആദ്യം നടക്കും.