സുകുബ (ജപ്പാൻ): ലോകമാകെ കൊവിഡ് മഹാമാരി ദുരിതം വിതച്ച മൂന്ന് വർഷങ്ങളാണ് കടന്നുപോയത്. അസാധാരണമായ പ്രതിസന്ധിയിലായിരുന്നു ലോകം. രാജ്യങ്ങൾ അടച്ചുപൂട്ടി വിമാനവും ട്രെയിനും ഒന്നും ഇല്ലാതെ ലോകം നിശ്ചലമായ അവസ്ഥ.
കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്നും ലോകം പതിയെ കരകയറുകയാണ്. എന്നാൽ മനുഷ്യമനസുകൾ മാത്രം കൊവിഡ് വരുത്തിയ ആഘാതത്തിൽ നിന്ന് തിരികെ എത്തിയിട്ടില്ല. ശാരീരിക ആരോഗ്യം മാത്രമല്ല, ജനങ്ങളുടെ മാനസികാരോഗ്യവുമാണ് കൊവിഡ് ഇല്ലാതാക്കിയത്.
ഓരോ വ്യക്തികളിലും വ്യത്യസ്‌ത തരത്തിലായിരിക്കും കൊവിഡ് ഭീതി ബാധിക്കുക. ചിലർക്ക് ഒറ്റപ്പെടലാണെങ്കിൽ മറ്റുചിലർക്ക് ഉത്കണ്‌ഠ, വിഷാദം, മാനസിക ക്ലേശം എന്നിവയായിരിക്കും. കൊവിഡിന്‍റെ പ്രത്യാഘാതങ്ങൾ തളർത്തിയ മനുഷ്യമനസുകളെ കുറിച്ച് പഠിക്കാൻ പുതിയ മാർഗവുമായി എത്തിയിരിക്കുകയാണ് ജപ്പാനിലെ ഗവേഷകർ. കൊവിഡ് ഭീതി ഓരോ വ്യക്തിയുടെയും മാനസിക ആരോഗ്യത്തിലുണ്ടാക്കിയ മാറ്റത്തിന്‍റെ തോത് മനസിലാക്കാൻ കഴിയുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
വളരെ പെട്ടന്നുള്ള ഏതൊരു ദുരന്തവും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഓരോ വ്യക്തിയിലും അതിജീവിക്കാനുള്ള കഴിവ് വ്യത്യസ്‌തമാണ്. അതുകൊണ്ട് തന്നെ ഒരേ ദുരന്തങ്ങളിൽ പെടുന്നവരിൽ ചിലര്‍ക്ക് മാത്രമാണ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുക. ഒറ്റപ്പെടൽ, മരിക്കുമോ എന്ന പേടി, രോഗത്തിന്‍റെ ദുരിതങ്ങളും കഷ്‌ടതയും, ഇനി എന്ത് ചെയ്യും എന്ന ഉത്കണ്‌ഠ, ഉറ്റവരെ കുറിച്ചുള്ള ചിന്തകൾ, രോഗം പകരുമോ എന്ന പേടി , പട്ടിണി , സാമ്പത്തികമായ ഞെരുക്കങ്ങൾ ഇവയൊക്കെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും.
കൊവിഡിനോടുള്ള ഭയം നിരവധി മാനസിക പ്രശ്‌നങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള ഭയവും ഉത്കണ്‌ഠയും അളക്കുന്നതിനുള്ള നിരവധി മാർഗങ്ങളും ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിൽ പ്രധാനമാണ് കൊവിഡ്-19 സ്കെയിൽ (FCV-19S).
എന്താണ് കൊവിഡ്-19 സ്കെയിൽ (FCV-19S)?: ഒരാൾക്ക് തങ്ങളുടെ ഉള്ളിലെ ഭയത്തെ സ്വയം തിരിച്ചറിയാൻ സഹായിക്കുന്നതാണ് കൊവിഡ്-19 സ്കെയിൽ (FCV-19S). ഗവേഷകർ തയാറാക്കിയ ചോദ്യങ്ങൾക്ക് നിങ്ങൾ നൽകുന്ന ഉത്തരങ്ങൾക്ക് ലഭിക്കുന്ന പോയിന്‍റ് അനുസരിച്ചാണ് കൊവിഡ് നിങ്ങളുടെ മാനസിക ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്ന് മനസിലാക്കാൻ കഴിയുന്നത്. ഇന്‍റര്‍നാഷണൽ ജേണൽ ഓഫ് എൻവയോൺമെന്‍റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ഈ സ്കെയിലിൽ അടയാളപ്പെടുത്തിയിരിക്കുന്ന മൂല്യമനുസരിച്ച് കൊവിഡിനെ ഭയക്കുന്നവരെ കൃത്യമായി മനസിലാക്കാൻ സാധിക്കുമെന്നാണ്.
'എഫ്‌സിവി-19 എസ് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും, ഈ സ്കെയിലിന്‍റെ ഗ്രീക്ക് പതിപ്പിന് മാത്രമേ ക്ലിനിക്കലി പ്രാധാന്യമുള്ളതാണോ എന്ന് നിർണയിക്കാൻ കഴിയുന്ന തരത്തിലുള്ള കട്ട്-ഓഫ് മൂല്യമുള്ളത്' എന്നാണ് പ്രൊഫസർ ഹിരോകാസു തച്ചിക്കാവ വ്യക്തമാക്കുന്നത്. രണ്ട് വ്യത്യസ്‌ത ഘടകങ്ങളാണ് എഫ്‌സിവി-19 എസ് സ്കെയിലിന്‍റെ സഹായത്തോടെ ആത്മ പരിശോധന നടത്തുമ്പോൾ വിലയിരുത്തുന്നത്. കൊവിഡ് ഭയം മൂലം വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ മാറ്റവും, കൊവിഡ് വരുമോ എന്ന ഭീതിയല്ലാതെ മറ്റ് പ്രശ്‌നങ്ങളാൽ സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കവുമാണ് അറിയാൻ സാധിക്കുക.
ജപ്പാൻ COVID-1, സൊസൈറ്റി ഇന്‍റർനെറ്റ് സർവേ (JACSIS) നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സ്കെയിലിലെ കട്ട് ഓഫ് വാല്യു നിർണയിച്ചിരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരോട് കൊവിഡ് അവരുടെ ജീവിതത്തെയും ജോലിയെയും ബന്ധങ്ങളെയും എങ്ങനെ ബാധിച്ചു എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. സർവേയിൽ പങ്കെടുത്ത മൂന്നിൽ ഒരാൾ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് ഡോ. ഹരുഹിക്കോ മിഡോറിക്കാവ പറഞ്ഞു.
7ൽ ഒരാൾ കൊവിഡ് ഭീതി മൂലം ദൈന്യംദിന ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ലിംഗഭേദം, പ്രായം, വിദ്യാഭ്യാസം, വൈവാഹിക നില, സഹവാസം, തൊഴിൽ, വരുമാനം എന്നിവയെല്ലാം FCV-19S സ്‌കോറുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ചെറിയ സ്വാധീനമേ ഉണ്ടായിരുന്നുള്ളൂ.