ന്യൂഡല്‍ഹി: കൊവിഡിന്‍റെ ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകളോടും നിയന്ത്രണങ്ങളോടും പൊരുത്തപ്പെട്ട് ജനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധികളും സീസണലായുള്ള പകര്‍ച്ചപ്പനിയുടെയും വരവ്. എന്നാല്‍ സാധാരണമായി കണ്ട് വരാറുള്ള പകര്‍ച്ചപ്പനി കൊവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കുന്നുണ്ടെന്ന കണ്ടെത്തലില്‍ അന്താളിച്ചു നില്‍ക്കുകയാണ് പലരും. അതുകൊണ്ട് തന്നെ മാസ്‌കിനോട് ബൈ പറയാനായിട്ടില്ല എന്നാണ് ആരോഗ്യവിദഗ്‌ധരുടെ വാദം.
പകര്‍ച്ചപ്പനി പതിവിന് വിപരീതമായി വര്‍ധിക്കുന്നതും കൊവിഡ് സമാനമായ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതും ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന അവധിക്കാല സീസണില്‍ കുറച്ചുകൂടി മുന്‍കരുതല്‍ വേണമെന്നാണ് ഡോക്‌ടര്‍മാരുടെ പക്ഷം. ഇതില്‍ തന്നെ പ്രധാനമാണ് മാസ്‌കിന്‍റെ ഉപയോഗം. കൊവിഡ് എന്നു മാത്രമല്ല ഒട്ടുമിക്ക ശ്വാസസംബന്ധമായ പകര്‍ച്ചവ്യാധികള്‍ക്കും മാസ്‌കിനേക്കാള്‍ മികച്ച പ്രതിരോധമില്ലെന്നും ഇവര്‍ അറിയിക്കുന്നു. പൊതുസ്ഥലത്തേക്ക് ഇറങ്ങുമ്പോഴോ, ഉത്സവങ്ങളുടെ സമയങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ജനാവലികള്‍ക്കിടയിലേക്ക് കടന്നുചെല്ലുമ്പോഴോ മടി കൂടാതെ മാസ്‌കുകള്‍ ഉപയോഗിക്കണം എന്നും ഇവര്‍ വ്യക്തമാക്കുന്നു.
Also Read:നേസൽ കൊവിഡ് വാക്‌സിന്‍ ഗെയിം ചേഞ്ചറായേക്കാമെന്ന് ഗവേഷകർ
അതേസമയം മാസ്‌ക് ഉപയോഗിക്കുന്നതിനൊപ്പം അത്രതന്നെ പ്രധാനമായ ഒന്നാണ് ശരിയായ രീതിയില്‍ അത് ഉപയോഗിക്കുക എന്നതും. മാസ്‌കുകളുടെ ഫലപ്രാപ്‌തി അതിന്‍റെ തരത്തിനെയും എത്രത്തോളം ഇണങ്ങുന്നു എന്നതിനെയും ബന്ധപ്പെട്ടിരിക്കും എന്നാണ് ജനറൽ ഫിസിഷ്യൻ ഡോ. എസ്.സി അജ്‌മാനിയുടെ അഭിപ്രായം. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡൈനാമിക്‌സ് ആന്‍റ് സെൽഫ് ഓർഗനൈസേഷന്‍ നടത്തിയ ഗവേഷണത്തില്‍ സർജിക്കൽ മാസ്‌കുകളേക്കാൾ 75 മടങ്ങ് കൂടുതൽ സംരക്ഷണം നൽകുന്നത് മുഖത്തോട് ഇണങ്ങിയിരിക്കുന്ന എഫ്എഫ്‌പി 2 മാസ്‌കുകളാണെന്ന് കണ്ടെത്തിയിരുന്നു.
സാധാരണമായുള്ള സർജിക്കൽ അല്ലെങ്കിൽ ഫാബ്രിക് മാസ്‌കുകളെ അപേക്ഷിച്ച് എഫ്എഫ്‌പി 2 മാസ്‌കുകള്‍ വളരെയധികം സംരക്ഷണം നല്‍കുന്നുവെന്ന് പഠനം പറയുന്നുണ്ട്. മാത്രമല്ല ഇവയില്‍ തന്നെ സാവ്‌ലോൺ പോലെയുള്ള ബിഐഎസ് അംഗീകൃത എഫ്എഫ്‌പി2 എസ് മാസ്‌കുകള്‍ വൈറസുകൾ, ബാക്‌ടീരിയകൾ, പൊടികൾ, മലിനീകരണം, അലർജികൾ എന്നിവയില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നുവെന്നും ഇവര്‍ പറയുന്നു. എല്ലാത്തിലുമുപരി 0.3 മൈക്രോണിൽ കൂടുതലുള്ള കണങ്ങളുള്ള എയറോസോളുകളിൽ നിന്ന് ഈ മാസ്‌കുകൾ 95 ശതമാനം സംരക്ഷണം നൽകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
Also Read:ആശങ്ക ജനിപ്പിച്ച് പുതിയ കൊവിഡ് വകഭേദം; ഒമിക്രോണ്‍ ബിഎ.4.6 അപകടകാരിയോ?
സ്‌റ്റാൻഡേർഡ് മാസ്‌കുകളുമായി താരതമ്യപ്പെടുത്തുമ്പോഴും ഈ മാസ്‌കുകളിലെ ഇലക്‌ട്രോ സ്‌റ്റാറ്റിക് ചാർജുള്ള മെൽറ്റ്-ബ്ലൗൺ ഫിൽട്ടറുകൾ മെച്ചപ്പെട്ട ഫിൽട്ടറിങാണ് നടത്തുന്നത്. മാത്രമല്ല വ്യത്യസ്‌ത തരം ചര്‍മപ്രകൃതമുള്ളവരിലും ഈ മാസ്‌കുകള്‍ സുഖകരവും അനുയോജ്യവുമായിരിക്കുമെന്നും പരിശോധിക്കപ്പെട്ടിട്ടുണ്ട്. ബിഐഎസ് മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുത്താല്‍ എഫ്‌എഫ്‌പി 2 മാസ്‌കുകളുടെ ഓരോ ബാച്ചും ഗുണനിലവാരമുള്ള പ്രകടനത്തിനും കാര്യക്ഷമതയ്‌ക്കുമായി കർശനമായ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്.
മൂക്കിന്‍റെ പാലത്തിനോട് യോജിച്ചും വായയും മൂക്കും ശരിയായ രീതിയില്‍ പൊതിയുന്ന തരത്തിലുമാണ് മാസ്‌കുകള്‍ ഉപയോഗിക്കേണ്ടത്. ഇതുവഴി വൈറസുകൾ, ബാക്‌ടീരിയകൾ, പൊടികൾ, മലിനീകരണം, പൂമ്പൊടി, അലർജികൾ എന്നിവയുടെ ദോഷം പരമാവധി കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. രോഗബാധിതനായ ഒരാൾ തിരക്കേറിയ അന്തരീക്ഷത്തിൽ വച്ച് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ കൊവിഡ് വൈറസും പകര്‍ച്ചപ്പനിയുടെയും മറ്റുമുള്ള രോഗാണുക്കളും വേഗം പടരുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവക്കെതിരെ ഫസ്‌റ്റ് ലെവല്‍ സംരക്ഷണം നല്‍കുന്നത് എന്‍95 അല്ലെങ്കില്‍ എഫ്എഫ്‌പി 2 മാസ്‌കുകളാണെന്ന് പലരും ഓര്‍ക്കാറില്ല.
അതുകൊണ്ട് തന്നെ അലർജികൾ, സഹരോഗങ്ങൾ ഉള്ളവര്‍, രോഗപ്രതിരോധം ദുർബലമായവര്‍ എന്നിവര്‍ക്കൊപ്പം നമ്മള്‍ ഓരോരുത്തരും കുറച്ചധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. രോഗാണുക്കള്‍ പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല അതുകൊണ്ട് തന്നെ മാസ്‌കുകളും ഒഴിവാക്കാനാവില്ല. മാസ്‌ക് ഒരു ജീവിതശൈലിയായി കൂടെ കൂട്ടേണ്ടിയിരിക്കുന്നു.
Also Read:ഫ്ലൂ വാക്‌സിന്‍ സ്‌ട്രോക്കിന്‍റെ സാധ്യത കുറയ്ക്കുമെന്ന് പഠനം