തൊഴിലിടങ്ങളിൽ സ്‌ത്രീകൾ സുരക്ഷിതരല്ല... അപ്പോൾ വീട്ടിൽ സുരക്ഷിതരാണോ?
ബസിൽ തോണ്ടാനും മുട്ടിയുരുമ്മാനുമൊക്കെ അവർ ശ്രമിക്കും... അപ്പോൾ ട്രെയിനിലോ?
സ്‌ത്രീകൾക്ക് സൈബറിടങ്ങളിൽ സുരക്ഷിതത്വമില്ല... അപ്പോൾ ഫോൺ ഇല്ലാത്ത സ്‌ത്രീകൾക്കോ?
പൊതുപരിപാടികൾക്കൊന്നും പോകണ്ട അതൊന്നും സേഫ് അല്ല... അപ്പോൾ തിരക്കില്ലാത്തിടം സേഫ് ആണെന്നാണോ?
പുറത്തേക്കൊന്നും ഒറ്റയ്‌ക്ക് പോകണ്ട... എപ്പോഴും കൂടെ ആരാണുണ്ടാകുക?
പെൺകുഞ്ഞുങ്ങൾ മുതൽ തൊണ്ണൂറ് കഴിഞ്ഞ മുത്തശ്ശിമാർ വരെ മാനസികമായും ശാരീരികമായും ലൈംഗികമായും അതിക്രമങ്ങൾക്ക് വിധയേരാകുന്നു. അപമാനം, ഭയം, ലജ്ജ, നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസമില്ലായ്‌മ എന്നിവ പലപ്പോഴും സ്‌ത്രീകളെ നിശബ്‌ദരാക്കുകയാണ്. ഇത്തരം കടന്നുകയറ്റങ്ങൾ നേരിടേണ്ടി വരുന്ന സ്‌ത്രീകൾക്ക് അത് വളരെക്കാലം നീണ്ടു നിൽക്കുന്ന ട്രോമയാണ് ഉണ്ടാക്കുന്നത്.
നേരിട്ട അതിക്രമം ഉള്ളിൽ ഉണ്ടാക്കിയെടുക്കുന്ന ഭയം, അറപ്പ്, പ്രതികരിക്കാൻ കഴിയാത്തതിലെ രോഷം എന്നിവയൊക്കെ സ്‌ത്രീകളെ മാനസികമായി തളർത്തുന്നു. നോക്കും വാക്കും സ്‌പർശനവും കൊണ്ട് അതിക്രമങ്ങൾ നേരിടാത്ത സ്‌ത്രീകളുണ്ടായിരിക്കുമോ?
വിപുലമായ നിയമ സംവിധാനങ്ങൾ ഉണ്ടെങ്കിലും സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. ഇത്തരം അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് എല്ലാ വർഷവും നവംബർ 25 സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്‌ട്ര ദിനമായി ആചരിക്കുന്നത്.
ചരിത്രം: 1960 നവംബർ 25-ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ രാഷ്ട്രീയ പ്രവർത്തകരായ മിറാബൽ സഹോദരിമാർ കൊല്ലപ്പെട്ടതിന്‍റെ സ്‌മരണാർഥമാണ് നവംബർ 25 യുഎൻ-ന്‍റെ ആഭിമുഖ്യത്തിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ദിനമായി ആചരിക്കുന്നത്. സ്വേച്ഛാധിപതിയായ റാഫേൽ ട്രൂജില്ലോയെ എതിർത്ത മിറാബൽ സഹോദരിമാർക്ക് വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു. 1960 നവംബർ 25ന് മൂന്ന് പേരെയും വധിച്ചു.
എന്നാൽ, ഫാസിസത്തിനെതിരായ സ്‌ത്രീകളുടെ ചെറുത്തുനിൽപ്പിന്‍റെ പ്രചോദനമായി ഈ സംഭവം മാറി. തുടർന്ന്, 1999ൽ മിറാബൽ സഹോദരിമാരോടുള്ള ബഹുമാനാർഥമായാണ് നവംബർ 25 സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ദിനമായി പ്രഖ്യാപിച്ചത്. സ്‌ത്രീകൾക്കെതിരെ വ്യാപകമായി അതിക്രമങ്ങൾ നേരിടുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള ഗവൺമെന്‍റുകളും സംഘടനകളും അതിനെതിരെ നടപടിയെടുക്കണമെന്നും അഭ്യർഥിക്കുകയും ചെയ്‌തു.
പ്രാധാന്യം: ശാരീരികവും ലൈംഗികവുമായ ദുരുപയോഗം, മാനസിക ആഘാതം, സാമ്പത്തിക ചൂഷണം എന്നിങ്ങനെ വിവിധ തരത്തിൽ സ്‌ത്രീകൾക്ക് മേൽ കടന്നുകയറ്റങ്ങൾ ഉണ്ടാകുന്നു. ഇത്തരം അതിക്രമങ്ങളെ കുറിച്ച് അവബോധം സൃഷ്‌ടിക്കുക എന്നതാണ് ഈ ദിവസത്തിന്‍റെ പ്രാധാന്യം. ഇത്തരം അക്രമങ്ങൾക്ക് കാരണമാകുന്ന സാമൂഹിക മാനദണ്ഡങ്ങളെയും സാംസ്‌കാരിക മനോഭാവങ്ങളെയും ചൂണ്ടിക്കാട്ടുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും ഈ ദിനം ഉയർത്തിക്കാട്ടുന്നു. ഈ ക്രൂരമായ പ്രവൃത്തികളാൽ ബാധിച്ച എണ്ണമറ്റ ജീവിതങ്ങളുടെയും മാറ്റം വരുത്താനുള്ള കൂട്ടായ ഉത്തരവാദിത്തത്തിന്റെയും പ്രധാന ഓർമ്മപ്പെടുത്തലാണ് ഇത്.
ദൗത്യവും ലക്ഷ്യങ്ങളും: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായുള്ള പ്രവർത്തനങ്ങളെ പ്രേരിപ്പിക്കുന്നതിനും അതിനായുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്‍റെ പ്രാഥമിക ദൗത്യം. ലിംഗാധിഷ്‌ഠിത അക്രമത്തിന്‍റെ വ്യാപനവും അനന്തരഫലങ്ങളും ഉയർത്തിക്കാട്ടുന്നതിന് ആദ്യം ചെയ്യേണ്ടത് ഇതിനെ കുറിച്ച് ആളുകളിൽ അവബോധമുണ്ടാക്കുക എന്നതാണ്. ബഹുമാനത്തിന്‍റെയും സമത്വത്തിന്‍റെയും സംസ്‌കാരം വളർത്തിയെടുക്കാനായി സമൂഹം അടിച്ചേൽപ്പിക്കുന്ന അലിഖിതമായ ചില 'മാനദണ്ഡങ്ങളെയും സ്റ്റീരിയോടൈപ്പുകളെയും' ബ്രേക്ക് ചെയ്യാൻ വിദ്യാഭ്യാസ കാലം മുതലേ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ സഹായ സേവനങ്ങൾ നൽകുന്നതിനുമുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ഭരണകൂടത്തെ പ്രേരിപ്പിക്കുക. അക്രമത്തെ അതിജീവിക്കുന്നവർക്കായി അഭയകേന്ദ്രങ്ങൾ, കൗൺസിലിംഗ്, നിയമസഹായം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുക. അക്രമത്തിനെതിരെ നിലകൊള്ളാൻ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുക. അവരുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുക.
'അവളാണ് കാരണം': ലിംഗാധിഷ്‌ഠിത അക്രമങ്ങളെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള 2013ലെ ക്രിമിനൽ ലോ (ഭേദഗതി) നിയമം പോലുള്ള നിയമനിർമ്മാണ മുന്നേറ്റങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ പ്രശ്‌നത്തെ ചെറുക്കാൻ ഇന്നും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഗാർഹിക പീഡനം, ലൈംഗികാതിക്രമം, സ്ത്രീധന പീഡനം മൂലമുള്ള ആത്മഹത്യകൾ, ദുരഭിമാനക്കൊലകൾ എന്നിവയുൾപ്പെടെയുള്ള ലിംഗാധിഷ്‌ഠിത അതിക്രമങ്ങൾ വിവിധ സാമൂഹിക-സാമ്പത്തിക തലങ്ങളിൽ നിലനിൽക്കുന്നു.
എന്ത് സംഭവിച്ചാലും പലപ്പോഴും അതിജീവിതയെ കുറ്റപ്പെടുത്തുന്ന ഒരു പറ്റം ആളുകൾ സമൂഹത്തിലുണ്ട്. അതായത് 'നീ അങ്ങനെ ചെയ്‌തതുകൊണ്ടല്ലേ അയാൾ അങ്ങനെ പെരുമാറിയത്' എന്നുള്ള ചോദ്യങ്ങൾ ഉന്നയിച്ച് അതിജീവിക്കുന്നവരെ പോലും നിയമവും നീതിയും പിന്തുണയും തേടുന്നതിൽ നിന്ന് പിന്നോട്ടുവലിക്കുന്ന ഇക്കൂട്ടർ സമൂഹത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഈ വിഷയത്തെ കുറിച്ച് വിദ്യാഭ്യാസവും ബോധവൽക്കരണവും പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ മുതൽ സുരക്ഷിത ഇടങ്ങളും നിയമസഹായവും നൽകുന്നത് വരെ, ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
സമൂഹത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ഏകീകൃതമായ പരിശ്രമം ഇത്തരം അതിക്രമങ്ങൾക്കെതിരെ പോരാടാൻ അനിവാര്യമാണെന്ന് ഈ ദിനം ഓർമിപ്പിക്കുന്നു. ഒരു അനുസ്‌മരണം മാത്രമല്ല ഈ ദിനം, മറിച്ച് ഇത് പ്രവർത്തനത്തിലേക്കുള്ള ആഹ്വാനമാണ്. എല്ലാ സ്ത്രീകൾക്കും ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന, അവരുടെ ശബ്‌ദം കേൾക്കുന്ന, അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, അന്തസ്സിനെ മാനിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ആഹ്വാനം.