നമ്മുടെ കുട്ടികള്‍ ലോകത്തെ നയിക്കണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് അവരെ പ്രാപ്‌തരാക്കാണമെങ്കില്‍ ചെറുപ്പം മുതല്‍ അവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. ഒരു കുട്ടി വിദ്യാഭ്യാസത്തിലൂടെ മാത്രമല്ല പുറത്തുനിന്നും ഏറെ കാര്യങ്ങള്‍ പഠിക്കണം.
നിങ്ങളുടെ കുട്ടികളിലെ കഴിവുകളെ പുറത്ത് കൊണ്ടുവരുന്നതിനും അവരെ ആത്മ വിശ്വാസമുള്ളവരായി വളര്‍ത്തുന്നതിനും മാതാപിതാക്കള്‍ സ്വീകരിക്കേണ്ട അഞ്ച് മാര്‍ഗങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
കൃത്യനിഷ്ടയും സമയക്രമവും
കുട്ടികളെ സമയത്തിന് കാര്യങ്ങള്‍ ചെയ്യാനും ഓരോ പ്രായത്തിലും അവരുടെ ഉത്തരവാദിത്വങ്ങള്‍ സ്വയം ചെയ്യാനും പ്രാപ്തരാക്കണം. ഇതിനായി രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്ന കുട്ടിയെ രാവിലെ വിളിച്ച് എഴുന്നേല്‍പ്പിക്കുന്നതിന് പകരം അവര്‍ക്ക് അലാറം ക്ലോക്ക് നല്‍കുക. അതുവഴി രാവിലെ ഉണരാനും സ്കൂളില്‍ പോകാനും അവരുടെ മനസ് സ്വയം തയ്യാറാകും.
Also Read: Mini Stroke: മിനി സ്‌ട്രോക്ക് (ചെറു പക്ഷാഘാതം): അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും
കുട്ടികളുടെ സ്കൂളില്‍ നിന്നുള്ള വര്‍ക്കുകള്‍ കൃത്യമായി മനസിലാക്കുകയും അവര്‍ക്ക് ജോലികള്‍ തീര്‍ക്കാനായി കൃത്യമായ പ്ലാന്‍ നല്‍കുകയും ചെയ്യുക. മാത്രമല്ല ഈ പ്ലാന്‍ നടപ്പാക്കാന്‍ അവരെ പ്രേരിപ്പിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ തങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് തന്നെ തീര്‍ത്ത് മുന്നോട്ടു പോകും.
തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്
വിദ്യാഭ്യാസം, ജോലി, ജീവിത പങ്കാളി എന്നിവ നമ്മുടെ ജീവിതത്തിൽ നാം എടുക്കേണ്ട പ്രധാന തീരുമാനങ്ങളിൽ ചിലത് മാത്രമാണ്. ചെറുപ്പം മുതലേ നല്ല തീരുമാനങ്ങൾ എടുക്കാൻ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചെറിയ സമയത്തിനുള്ളില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ നാം കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്.
ഇതിനായി കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ എല്ലാ കാര്യങ്ങളും രണ്ട് എണ്ണം വീതം നല്‍കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഉദാഹരണത്തിന് രണ്ട് വസ്ത്രം,, ഇഷ്ടപ്പെട്ട രണ്ട് ഭക്ഷണം, രണ്ട് ഗെയിമുകള്‍ തുടങ്ങിയവ. ഇതുവഴി അവര്‍ക്ക് ഇഷ്ടമുള്ളത് എടുക്കാനും ആവശ്യമില്ലാത്തത് തള്ളാനും അവര്‍ പ്രാപ്തരാകും. മാത്രമല്ല നാം ഒരു തീരുമാനം എടുക്കുമ്പോള്‍ അതിന്‍റെ അനന്തരം ഫലം എന്തെന്ന് ചിന്തിക്കാനും ഇത്തരം കാര്യങ്ങള്‍ അവരെ സഹായിക്കും. ഇത് ഗുണങ്ങളും ദോഷങ്ങളും മനസിലാക്കി തീരുമാനം എടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കും.
പണത്തിന്‍റെ വിനിയോഗവും അടിസ്ഥാന ബജറ്റിങും
പണത്തിന്‍റ കൃത്യമായ ഉപയോഗവും അതിലുണ്ടാകേണ്ട പ്ലാനിങ്ങും ഒരു വ്യക്തിയുടെ ജീവിതത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഒന്നാണ്. കുട്ടികളെ ചെറുപ്പം മുതലെ ഇത്തരം ശീലങ്ങള്‍ പഠിപ്പിക്കുന്നത് വളരുമ്പോള്‍ അവരെ സാമ്പത്തിക അച്ചടക്കം ഉള്ളവരായി തീരാന്‍ സഹായിക്കും. ഇതിനായി കുട്ടികളുടെ ചെലവുകള്‍ മനസിലാക്കി ആഴ്ച തോറും അവര്‍ക്ക് പോക്കറ്റ് മണി നല്‍കുക എന്നതാണ് ഒരു മാര്‍ഗം.
വില കൂടിയ എന്തെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടാല്‍ പോക്കറ്റ് മണിയില്‍ നിന്നും കണ്ടെത്താന്‍ അവരോട് പറയണം. ഇതുവഴി തങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വരുത്താനും കൃത്യമായ പ്ലാനിങ്ങോടെ പണം കൈകാര്യം ചെയ്യാനും കുട്ടികള്‍ ശീലിച്ച് തുടങ്ങും. ഇത് അവരുടെ ഭാവി ജീവിതത്തില്‍ വളരെ ഗുണകരമായി തീരുകയും ചെയ്യും. നിങ്ങളുടെ കുട്ടിക്കായി ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് മാസത്തിലൊരിക്കൽ അതിൽ പണം നിക്ഷേപിക്കാൻ അവരെ അനുവദിക്കുകയാണ് മറ്റൊന്ന്.
അവരെ വീട്ടുജോലികളില്‍ സഹായിക്കാന്‍ വിളിക്കുകയും അതിന് അവര്‍ക്ക് സമ്മാനമായി പണം നല്‍കുകയും ചെയ്യണം. ഇതുവഴി ജോലി, പണം ലാഭിക്കല്‍, നിക്ഷേപം തുടങ്ങി സാമ്പത്തിക രംഗത്തെ പല കാര്യങ്ങളും കുട്ടികള്‍ മനസിലാക്കും.
പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം
പ്രകൃതിയില്‍ ജീവിക്കുന്ന നമ്മള്‍ കുട്ടികളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പ്രാപ്തരാക്കണം. അതിനായി അവര്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം പകര്‍ന്ന് നല്‍കുകയും വേണം. ലളിതമായ മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ കുട്ടികളില്‍ പ്രകൃതി സ്നേഹം വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
ഇതിനായി ചെടികള്‍ നനക്കുകയും വിത്ത് പാകുകയും പൂന്തോട്ടം ഉണ്ടാക്കുകയും പോലുള്ള ജോലികളിലേക്ക് അവരെ എത്തിക്കണം. അവരുടെ പൂന്തോട്ടത്തിന്‍റെ നിര്‍മാണത്തിലും വളര്‍ച്ചയിലും ഇടപെടാതിരിക്കണം. ഇതുവഴി മണ്ണിനോടും കൃഷിയോടും പ്രകൃതിയോടുമുള്ള അടുപ്പവും സ്നേഹവും അവരില്‍ വര്‍ധിക്കും.
പ്രതിരോധശേഷിയും പൊരുത്തപ്പെടുത്തലും
പ്രതികൂലമോ അനുകൂലമോ ആയ ജീവിത സാഹചര്യങ്ങളോട് പെരുത്തപ്പെടാന്‍ കുട്ടിയെ പ്രാപ്തരാക്കുക എന്നതാണ് ഓരോ രക്ഷിതാവും കുട്ടികളെ പഠിപ്പിക്കേണ്ടത്. ഇങ്ങനെ വന്നാല്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ സ്വയം പരിഹരിക്കാനും പ്രതികൂല സാഹചര്യങ്ങളോട് പ്രതിരോധിച്ച് മുന്നേറാനും അവര്‍ പ്രാപ്തരാകും.
രക്ഷിതാവെന്ന നിലയില്‍ കുട്ടിയുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളെ മനസിലാക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍ തന്ന ഇത്തരം കാര്യങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും രക്ഷിതാക്കള്‍ തയ്യാറാകണം. മാത്രമല്ല വീട്ടിലെ പ്രശ്നങ്ങള്‍ മാതാപിതാക്കള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും കുട്ടികളെ സ്വാധീനിക്കും.
അതിനാല്‍ അവര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ നിങ്ങള്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടത്. കുട്ടികളെ രസകരവും ആകർഷകവുമായ രീതിയിൽ പഠിപ്പിക്കുന്നതിൽ നിങ്ങളുടെ ശ്രമങ്ങൾ കേന്ദ്രീകരിക്കും. അതുവഴി അവർക്ക് അവരുടെ മൂല്യങ്ങളിലും കഴിവുകളിലും ആത്മവിശ്വാസമുണ്ടാകും!