കൊവിഡ് രോഗനിർണയത്തിനായി സാമ്പിൾ ചെയ്ത കോശങ്ങളിൽ രോഗ പ്രതിരോധ (ആന്‍റിവൈറല്‍) പ്രതികരണം കാണിക്കുന്നതായി പുതിയ പഠനം. റാഗൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംജിഎച്ച്, എംഐടി, ഹാർവാർഡ്, ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംഐടി, ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവരാണ് പഠനം നടത്തിയത്. സെൽ ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. ഏതാനും മാസങ്ങളായി കൊവിഡിനെക്കുറിച്ചും SARS CoV 2 വൈറസിനെക്കുറിച്ചും ധാരാളം പഠനങ്ങളാണ് ഗവേഷകർ നടത്തുന്നത്.
- വൈറസിന്‍റെ പാത
വൈറസ് മൂക്കിലൂടെയും വായിലിലൂടെയും കടന്ന് മ്യൂക്കസ് പാളികളിൽ എത്തുന്നു. തുടർന്ന് ശ്വാസനാളത്തിൽ എത്തിച്ചേരുന്ന അണുബാധ കഠിനവും മാരകവുമായ രോഗങ്ങളിലേക്കാണ് നയിക്കുന്നത്. പ്രായം, ലിംഗം, അമിതവണ്ണം എന്നീ ഘടകങ്ങളും കൊവിഡ് രോഗത്തിന്‍റെ ഗതി നിർണയിച്ചേക്കാമെന്ന് പഠനം പറയുന്നു. എന്നാൽ പല ചോദ്യങ്ങൾക്കും ശാസ്ത്ര ലോകത്തിന് ഇതുവരെ വ്യക്തമായ ഉത്തരമില്ല.
കഠിനമായ രോഗത്തിലേക്ക് നയിക്കുന്നത് ശരീരം രോഗത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനു ശേഷമാണോ അതോ അതിനേക്കാൾ വളരെ നേരത്തെ ആരംഭിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. നേരിയ രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഭാവിയിൽ ഇത് കടുത്ത രോഗങ്ങളിലേയ്ക്ക് നയിക്കുകയും കഠിനമായ രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരിൽ ആന്‍റിവൈറൽ പ്രതികരണം പ്രകടമാകുകയും ചെയ്യുന്നു.
- ട്രാൻസ്ക്രിപ്റ്റോം
ഇവിടെ കോശങ്ങൾ പ്രോട്ടീനുകൾ നിർമിക്കാനുള്ള നിർദ്ദേശങ്ങളായി ആർഎൻഐയെ ഉപയോഗിക്കുന്നു. ഒരു സെല്ലിലെ ആർഎൻഎ ശേഖരണം പഠിക്കുന്നതിലൂടെ അതിന്‍റെ ട്രാൻസ്ക്രിപ്റ്റോം (transcriptome) അണുബാധയോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഗവേഷകർക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ ട്രാൻസ്ക്രിപ്റ്റോമുകൾ ഉപയോഗിച്ച് വൈറസ് സെല്ലുകളെ ബാധിച്ചിട്ടുണ്ടോയെന്ന് ഗവേഷകർക്ക് മനസ്സിലാക്കാം.
അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം നിർണ്ണയിക്കാൻ സാധിക്കുമെങ്കിൽ കഠിനമായ രോഗാവസ്ഥയിലേയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാന്‍ വൈദ്യ മേഖലയ്ക്ക് ഈ കണ്ടെത്തലുകൾ മുതൽക്കൂട്ടാവുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ വിലയിരുത്തൽ.