ഹൈദരാബാദ് : ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് പ്രതിവർഷം എട്ട് മില്യൺ നവജാത ശിശുക്കൾ ശാരീരിക വെല്ലുവിളികളോടെ ജനിക്കുന്നു. ഇന്ത്യയിൽ ഈ കണക്ക് 1.7 ദശലക്ഷത്തിലധികമാണ്. ജന്മസ്ഥലം, വംശം, എന്നിങ്ങനെ വ്യത്യാസങ്ങളേതുമില്ലാതെ ആരോഗ്യപ്രശ്നങ്ങളുമായി കുട്ടികള്‍ പിറന്നുവീഴുന്നുണ്ട്.
കൂടാതെ സിഡിസി (സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ) അനുസരിച്ച് ലോകമെമ്പാടുമുള്ള നവജാതശിശുക്കളിലും കൊച്ചുകുട്ടികളിലും മരണത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി ജന്‍മനാലുള്ള ബുദ്ധിമുട്ടുകള്‍ കണക്കാക്കപ്പെടുന്നു. കുട്ടികൾ ഈ അപാകതകളിൽ നിന്ന് കരകയറിയാലും അവരിൽ പലർക്കും ജീവിതകാലം മുഴുവൻ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നതാണ് മറ്റൊരു വെല്ലുവിളി.
ജനന വൈകല്യ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെയും സംഘടനകളെയും ഒന്നിപ്പിക്കാൻ എല്ലാ വർഷവും മാർച്ച് 3ന് 'ലോക ജനന വൈകല്യ ദിനം' ആചരിക്കുന്നു. ജന്മനാ ഉണ്ടാകുന്ന അപാകതകൾ, അവയുടെ പ്രതിരോധം, നിരീക്ഷണം, പരിചരണം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ പ്രാഥമിക ലക്ഷ്യം.
ശാരീരിക അപാകതകളിൽ പല തരത്തിലുള്ള വെല്ലുവിളികളും ഉൾപ്പെടാം. കുട്ടി ജനിക്കുമ്പോൾ തന്നെ ആരോഗ്യപ്രശ്‌നം ഉള്ള അവസ്ഥയാണ് ജന്മനാ ഉള്ള വൈകല്യം അഥവാ അപായ വൈകല്യങ്ങൾ (Congenital Anomalies). മുറിച്ചുണ്ട് (cleft lip and cleft palate), ഡൗൺ സിൻഡ്രോം (down syndrome), ബധിരത (congenital deafness), ട്രൈസോമി 18, ക്ലബ്‌ഫൂട്ട്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ, സിക്കിൾ സെൽ അനീമിയ, സിസ്റ്റിക് ഫൈബ്രോസിസ് മുതലായവയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്.
ഇത്തരം രോഗങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നത് ജനിതക പ്രശ്‌നങ്ങൾ മൂലമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഗർഭകാലയളവിൽ അമ്മയിലോ കുട്ടിയിലോ ഉണ്ടാകുന്ന അണുബാധ/രോഗങ്ങൾ, പോഷകാഹാരക്കുറവ്, ചില പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയും ഇവയുടെ കാരണങ്ങളായി വരാറുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിൽ, ജനന വൈകല്യങ്ങൾ ശിശുമരണത്തിന്‍റെ മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. നവജാത ശിശു മരണങ്ങളുടെ ഏകദേശം 12 ശതമാനം ജന്‍മനാലുള്ള രോഗാവസ്ഥകള്‍ കാരണമാണ്. ഇത് നവജാതശിശു മരണത്തിന്‍റെ നാലാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാരണവുമാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2010 നും 2019 നും ഇടയിൽ, ഈ പ്രദേശങ്ങളിൽ ജനന വൈകല്യങ്ങളുടെയും ശിശുമരണങ്ങളുടെയും അനുപാതം 6.2 ശതമാനത്തിൽ നിന്ന് 9.2 ശതമാനമായി വർധിച്ചിട്ടുണ്ട്. 2019ൽ 1,17,000 മരണങ്ങളാണ് ജനന വൈകല്യങ്ങളാൽ സംഭവിച്ചത്.
ലോക ജനന വൈകല്യ ദിനത്തോടനുബന്ധിച്ച്, ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കൻ ഏഷ്യയുടെ റീജ്യണല്‍ ഡയറക്‌ടർ ഡോ പൂനം ഖേത്രപാൽ സിംഗ്, തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങൾ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ദേശീയ തലത്തിൽ ഇത്തരം രോഗാവസ്ഥകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും അത്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന 2014 മുതൽ തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന് ഡോ പൂനം ഖേത്രപാൽ സിംഗ് അറിയിച്ചു. ഇതിനായി നിരവധി ദേശീയ കർമ്മ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ഗർഭകാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗർഭാവസ്ഥയിൽ, ഡോക്ടറുടെ ഉപദേശപ്രകാരം, സ്ത്രീകൾ എല്ലാത്തരം പച്ചക്കറികളും ധാന്യങ്ങളും പയറുവർഗ്ഗങ്ങളും പഴങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. ഇതുവഴി ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കും.
2. ഗർഭിണികൾ ദോഷകരമായ വസ്തുക്കളിൽ നിന്ന്, പ്രത്യേകിച്ച് മദ്യം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവയിൽ നിന്ന് അകന്നുനിൽക്കണം.
3. ഗർഭിണികൾ കൃത്യമായ ഇടവേളകളിൽ അവരുടെ അവസ്ഥ പരിശോധിക്കാൻ ഡോക്‌ടറെ സമീപിക്കുകയും അവരുടെ ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുകയും വേണം.
4. തുടക്കം മുതൽ ഗർഭകാലം മുഴുവൻ ഡോക്‌ടർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ പാലിക്കണം.