ബെര്‍ലിന്‍ : വായു മലിനീകരണത്തിന് കൂടുതല്‍ കാലം വിധേയമാകുന്നതും കൊവിഡ് ബാധ രൂക്ഷമാകുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് ജര്‍മനിയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തല്‍. ഇറ്റലിയിലെ മിലാനില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് അനസ്‌തീഷ്യോളജി ആന്‍ഡ് ഇന്‍റെന്‍സീവ് കെയര്‍ സമ്മേളനത്തിലാണ് പഠനം അവതരിപ്പിക്കപ്പെട്ടത്. വായുവില്‍ നൈട്രജന്‍ ഡൈഓക്സൈഡിന്‍റെ(എന്‍ഒ2) അളവ് കൂടുതലുള്ള രാജ്യങ്ങളില്‍ ഐസിയു കിടക്കകളും വെന്‍റിലേറ്ററും ആവശ്യമുള്ള കൊവിഡ് രോഗികള്‍ തരതമ്യേന കൂടുതല്‍ ആയിരിക്കുമെന്നാണ് കണ്ടെത്തല്‍.
അന്തരീക്ഷത്തിലെ എന്‍ഒ2 മലിനീകരണത്തിന് ദീര്‍ഘകാലം വിധേയമാകുന്നവര്‍ക്ക് ശ്വാസകോശത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുള്ള കാര്യം ഗവേഷകര്‍ രേഖപ്പെടുത്തി. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴാണ് എന്‍ഒ2 പുറന്തള്ളപ്പെടുന്നത്.
എന്‍ഒ2 എന്‍ഡോതലാല്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. ശ്വാസ കോശത്തില്‍ നിന്ന് ഓക്‌സിജനെ രക്തത്തിലേക്ക് ലയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് എന്‍ഡോ തലാല്‍ കോശങ്ങളാണ്. ബെര്‍ലിന്‍ ആരോഗ്യ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
2010 മുതല്‍ 2019 വരെ, ജര്‍മനിയിലെ ഓരോ കൗണ്ടിയിലേയും വായുമലിനീകരണത്തിന്‍റെ തോത് അവലോകനം ചെയ്‌താണ് പഠനം. ഈ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് അന്തരീക്ഷ മലിനീകരണം കൂടുതല്‍ ഉള്ള കൗണ്ടികളില്‍ ഐസിയുവിന്‍റേയും വെന്‍റിലേറ്ററിന്‍റേയും ആവശ്യകതയുണ്ടായിരുന്ന കൊവിഡ് രോഗികള്‍ കൂടുതലാണെന്ന് കണ്ടെത്തിയത്.
വായുവില്‍ എന്‍ഒ2വിന്‍റെ അളവ് 1 ജി/എം3(മൈക്രോ ഗ്രാം/ക്യുബിക് മീറ്റര്‍) കൂടുമ്പോള്‍ ഐസിയു കിടക്കകള്‍ ആവശ്യമുള്ള കൊവിഡ് രോഗികള്‍ 3.2 ശതമാനവും വെന്‍റിലേറ്റര്‍ ആവശ്യമുള്ള കൊവിഡ് രോഗികള്‍ 3.5 ശതമാനവും വര്‍ധിച്ചെന്ന് പഠനത്തില്‍ വ്യക്തമായി. ഏറ്റവും കുറവ് എന്‍ഒ2 മലിനീകരണമുള്ള 10 കൗണ്ടികളില്‍ പഠനം നടത്തിയ മാസത്തില്‍ 28 ഐസിയു കിടക്കകളും 19 വെന്‍റിലേറ്ററുകളുമാണ് കൊവിഡ് പരിചരണത്തിന് ആവശ്യം വന്നത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ എന്‍ഒ2 മലിനീകരണമുള്ള പത്ത് കൗണ്ടികളില്‍ കൊവിഡ് ചികിത്സയ്‌ക്ക് ആവശ്യം വന്ന ശരാശരി ഐസിയു കിടക്കകളുടേയും വെന്‍റിലേറ്ററുകളുടേയും എണ്ണം യഥാക്രമം 144ഉം 102ഉം ആണ്. വായു മലിനീകരണവും കൊവിഡും തമ്മിലുള്ള ബന്ധം ഇതിന് മുമ്പ് പഠന വിധേയമാക്കിയിട്ടുണ്ടെങ്കിലും രോഗത്തിന്‍റെ രൂക്ഷതയും വായുമലിനീകരണവും തമ്മിലുള്ള ബന്ധം പഠന വിധേയമാക്കുന്നത് ഇതാദ്യമാണ്.