വയനാട്: വീടിന്‍റെ ടെറസിന് മുകളില്‍ ഉണങ്ങാനിട്ട തുണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ തച്ചനാടന്‍ മൂപ്പന്‍ കോളനിയില്‍ താമസിക്കുന്ന ശിവദാസന്‍റെ ഭാര്യ സിനി (29) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെ ഇടിമിന്നലേറ്റ് പരിക്ക് പറ്റിയ ഇവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സിനി -ശിവദാസന്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.
മിന്നലേറ്റ് തൊഴിലാളി മരിച്ചു: അടുത്തിടെ ഇടുക്കിയില്‍ മഴയ്‌ക്കിടെയുണ്ടായ ശക്തമായ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചിരുന്നു. ഇടുക്കി പൂപ്പാറ സ്വദേശി രാജ(45) യാണ് ഇടിമിന്നലിനെ തുടര്‍ന്ന് മരിച്ചത്. ഇടിമിന്നലേറ്റ് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് രാജയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം.
ആലക്കോട് പഞ്ചായത്തിലെ കച്ചിറപ്പാറയിലെ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ്സ്റ്റാർ ഗ്രാനൈറ്റ്സ് എന്ന പാറമടയില്‍ രാജ ഉൾപ്പെടെയുള്ള 11 തൊഴിലാളികൾക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയില്‍ സമീപത്തെ താത്‌കാലിക ഷെഡിൽ തൊഴിലാളികൾ കയറി നിൽക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഫൈവ്സ്റ്റാർ ഗ്രാനൈറ്റ്സ് പാറമടയിലെ 11 തൊഴിലാളികൾക്ക് പുറമെ പീരുമേട് തേയില തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് പേർക്കും മിന്നലില്‍ പരിക്കേറ്റിരുന്നു.
പാറമടയിൽ ജോലി ചെയ്‌തിരുന്ന കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ് (25), മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു (22), തമിഴ്‌നാട് കുമാരലിംഗപുരം സ്വദേശികളായ ധർമ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയൻ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂർ സ്വദേശി മഥനരാജ് (22), പെരുമ്പാവൂർ സ്വദേശികളായ ആശോകൻ (50), ജോൺ (32) എന്നിവർക്കാണ് മിന്നലേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് രാജയേയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബാക്കിയുള്ളവരെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
എന്നാല്‍ പീരുമേട് തേയില തോട്ടത്തിൽ ജോലി ചെയ്‌ത് കൊണ്ടിരിക്കവെയാണ് മറ്റ് രണ്ടുപേർക്ക് ഇടിമിന്നലേറ്റത്. ഏലപ്പാറ കാവക്കുളം തോട്ടത്തിലെ തൊഴിലാളികളായ ശാന്തി കാവക്കുളം(45), അമുദ ജയകുമാർ(46) എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വീടിന് മുന്നിലിരുന്ന വയോധികന് ഇടിമിന്നലേറ്റു: അടുത്തിടെ കോട്ടയത്ത് വീടിന്‍റെ മുന്‍വശത്ത് ഇരിക്കുകയായിരുന്ന വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരനാണ് (64) ഇടിമിന്നലേറ്റ് മരിച്ചത്. ഇടിമിന്നലേല്‍ക്കുമ്പോള്‍ പീതാംബരന്‍ വീട്ടില്‍ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടിലായിരുന്ന മകളുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് വയോധികനെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്‍റെ ഇലക്ട്രിക് വയറിങും ഉപകരണങ്ങളും ഭിത്തിയും തറയും തകര്‍ന്നിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.