വയനാട്: തന്‍റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്ന് മുൻ ഭർത്താവിന്‍റെ വധശ്രമത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന വനിത ഡോക്‌ടര്‍. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ഡോക്‌ടറുടെ ആരോഗ്യം പൂർണമായും ത്യപ്‌തികരമായിട്ടില്ല. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പ്രതി വീണ്ടും മകളെ അപായപ്പെടുത്തുമെന്ന ആശങ്കയിലാണ് ഇവരുടെ കുടുംബം.
ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിയോടെയാണ് മലപ്പുറം വണ്ടൂർ സ്വദേശിനിയും, വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വനിത ഡോക്‌ടറുമായ അദീല മോയിക്കലിനെ മുൻ ഭർത്താവ് വധിക്കാൻ ശ്രമിച്ചത്. ചുറ്റിക ഉപയോഗിച്ച് തലയ്‌ക്കടിച്ചാണ് പ്രതിയായ മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീന്‍ യുവതിയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിസരവാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ പ്രതിയായ കമറുദ്ദീനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അദീലയെ കൊല്ലുമെന്ന് പറഞ്ഞ് കമറുദ്ദീൻ വാട്‌സ്‌ആപ്പിൽ സുഹൃത്തുക്കൾക്ക് അയച്ച ശബ്‌ദ സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. തലയിൽ ഗുരുതര പരിക്കുകളുള്ള 24-കാരി സുഖം പ്രാപിക്കാൻ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് ഡോക്‌ടർമാരുടെ വിലയിരുത്തൽ.