വയനാട്: വിവാദങ്ങൾക്കിടെ വയനാട് മെഡിക്കൽ കോളജ് സ്ഥാപിക്കാൻ വിദഗ്ധസംഘം സ്ഥലപരിശോധന നടത്തി. മടക്കിമല, മാനന്തവാടി ബോയ്സ് ടൗൺ, ചുണ്ടേൽ ചേലോട് എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളാണ് പരിശോധിച്ചത്. എൻഐടി സിവിൽ വിഭാഗം മേധാവി പ്രൊഫസർ ചന്ദ്രകരന്‍റെ നേതൃത്വത്തിൽ കളക്ടർ, എഡിഎം എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച റിപ്പോർട്ട് സർക്കാരിന് നൽകും.
വയനാട്ടിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്. മടക്കിമലയിൽ മെഡിക്കൽ കോളജ് തുടങ്ങാനുള്ള നടപടി കഴിഞ്ഞ യുഡിഎഫ് സർക്കാർ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ വന്നതിന് ശേഷം തീരുമാനം ഉപേക്ഷിക്കുകയും ചേലോട് ഏസ്റ്റേറ്റ്ഏറ്റെടുക്കാനുള്ള നടപടി തുടങ്ങുകയും ചെയ്തു. ഇതിനിടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള ശ്രമം തുടങ്ങി. ഈ ശ്രമം പിന്നീട് സർക്കാർ ഉപേക്ഷിക്കുകയായിരുന്നു.