വയനാട്: വൈത്തിരി പൊഴുതനയിൽ പട്ടാപകൽ തേയില തോട്ടത്തിലിറങ്ങി കാട്ടാനക്കൂട്ടം. തൊഴിലാളി ലായങ്ങൾ ഉൾപ്പടെയുള്ള ജനവാസ പ്രദേശത്താണ് 20 ലധികം കാട്ടാനകളെത്തിയത്. പൊഴുതന പഞ്ചായത്തിലെ വൈത്തിരി തരുവണ റൂട്ടിലെ പ്രധാന പാതയോട് ചേർന്ന പെരുങ്കോട്ട ഭാഗത്താണ് കുട്ടിയാനകളടക്കമുള്ള 20 ലധികം കാട്ടാനകൾ ഇറങ്ങിയത്. തൊഴിലാളികൾ തോട്ടത്തിൽ ഇല്ലാത്ത സമയമായതിനാൽ അപകട സാധ്യതകൾ ഇല്ലാതായി.
ഈ പ്രദേശത്തെ വനഭാഗത്ത് വൈദ്യുതവേലി ഇല്ലാത്തതിനാലാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത്. തേയിലത്തോട്ടത്തിലൂടെ കറങ്ങിനടന്ന കാട്ടാനക്കൂട്ടത്തെ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തിയത്. കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നത് വരെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. അടിയന്തരമായി ഫെൻസിംഗ് ഉൾപ്പടെയുള്ള വന്യമൃഗ പ്രതിരോധ സംവിധാനങ്ങൾ പ്രദേശത്തെ വനാതിർത്തികളിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.