വയനാട്: ജില്ലയില്‍ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ വിമർശനം. മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്കുവാഹനങ്ങളില്‍ പോകുന്ന ഡ്രൈവർമാർ പുറത്തുള്ളവരുമായി ഇടപെടുന്നത് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. മാനന്തവാടിയില്‍ ഒരാഴ്‌ചക്കിടെ നാല് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ ചരക്കെടുക്കാൻ പോയ ട്രക്ക് ഡ്രൈവറിൽ നിന്നാണ് രോഗം പടർന്നത്. ഇതേതുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഡ്രൈവർമാരെ പ്രത്യേകം പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടിയെടുത്തിട്ടുണ്ട്. ഈ മുൻകരുതൽ നേരത്തെ തന്നെ എടുക്കേണ്ടതായിരുന്നു എന്നാണ് കോൺഗ്രസിന്‍റെ വിമർശനം.
അതേസമയം മാനന്തവാടിയിൽ ജനങ്ങളുടെ പേടി അകറ്റുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ഫോൺ-ഇൻ-കൗൺസിലിങ് തുടങ്ങിയിട്ടുണ്ട്. 'പൊരുതാം കരുതലോടെ' എന്ന പേരിലാണ് പദ്ധതി. വനിതാ ശിശുവികസന വകുപ്പിന്‍റെ പരിശീലനം ലഭിച്ചവരാണ് കോൾ സെന്‍ററിന് നേതൃത്വം നൽകുന്നത്.