വയനാട്: വയനാട്ടിലെ മാനന്തവാടിക്ക് അടുത്ത് കുറുക്കൻ മൂലയിൽ ആദിവാസി യുവതിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
കുറുക്കൻ മൂല ആദിവാസി കോളനിയിലെ ശോഭയെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. ഷോക്കേറ്റ് മരിച്ചുവെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. സംഭവത്തിൽ മൃതദേഹം കണ്ട സ്ഥലത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ യഥാർഥ പ്രതികൾ പിടിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നല്‍കിയിട്ടുള്ളത്.