വയനാട്: വയനാട് ജില്ലാ ആശുപത്രി കൊവിഡ്- 19 ചികിത്സ നൽകുന്നതിന് വേണ്ടി മാത്രമുള്ള ആശുപത്രിയായി അനുവദിച്ച് ഡിഎംഒ ഉത്തരവിട്ടു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗൈനക്കോളജി കേസുകൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി, മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ മാത്രമായിരിക്കും ചികിത്സിക്കുക.
എമർജൻസി ജനറൽ സർജറികൾ ചെയ്യുന്നതിനും സൈക്യാട്രി കേസുകൾ കൈകാര്യം ചെയ്യുന്നതിനുമായി കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് ചുമതലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി,സർജറി വിഭാഗം ഡോക്ടർമാരെ താൽക്കാലികമായി സ്ഥലം മാറ്റിയിട്ടുണ്ട്. കൊവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി. 2,600 കിടക്കകളാണ് വിവിധ ആശുപത്രികളിലായി ഉള്ളത്.