മലപ്പുറം: ഇന്ന് രാത്രി 9.10 ഓടെയാണ് രാഹുൽഗാന്ധിയും , സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും
പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാന താവളത്തിൽ എത്തിയത് . വിമാനത്താവളത്തില്‍ യുഡിഎഫ് നേതാക്കൾ രാഹുലിനെ സ്വീകരിച്ചു. വിമാനത്താവളത്തിന് പുറത്ത് രാഹുലിനെ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരുടെ വൻ നിരയുണ്ടായിരുന്നു. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് രാഹുലിനെ സ്വീകരിച്ചത്.
വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ നേതാക്കളുമായി രാഹുല്‍ ഗാന്ധി ചർച്ച ചെയ്തു. ഇന്ന് കോഴിക്കോട് തങ്ങുന്ന കോൺഗ്രസ് അധ്യക്ഷൻ നാളെ രാവിലെയോടെ നാമനിർദേശ പത്രികാ സമർപ്പണത്തിനു വയനാട്ടിലേക്ക് ഹെലികോപ്റ്ററിൽ പുറപ്പെടും.നാമനിർദേശ പത്രിക സമർപ്പണത്തിനുറോഡ് ഷോ നടത്തി കളക്ട്രേറ്റിലേക്ക് പോകാനാണ് തീരുമാനം. പത്രിക സമർപ്പണത്തിനു ശേഷം മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടി കാഴ്ച നടത്തും. സുരക്ഷാ ഏജൻസിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും രാഹുലിന്‍റെ വ്യാഴാഴ്ച്ചത്തെ പരിപാടികളിൽ അന്തിമ തീരുമാനം ഉണ്ടാകുക.