വയനാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് വയനാട് നിയോജക മണ്ഡലം എംപി രാഹുൽഗാന്ധി. മമ്പാട് നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാർ ഭാവിയെ പ്രതിനിധീകരിക്കുന്നവരാണെന്നും അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാർഥികൾ ഭാവിയിലും വർത്തമാനകാലത്തും ഒരുപോലെ പ്രതിഫലിക്കുന്നവരായിരിക്കണമെന്നും ഈ സ്ഥാനാർഥികൾ ചെറുപ്പക്കാർ ആയാലും മുതിർന്നവർ ആയാലും അവരെല്ലാം ജനങ്ങളെ ആവേശഭരിതരാക്കുന്നവരാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സ്ഥാനാർഥി നിർണയം വളരെ സുതാര്യമായി നടപ്പാക്കേണ്ട ഒന്നാണെന്നും ഇത് കൃത്യമായി പഞ്ചായത്ത് തലത്തിലുള്ള ജനങ്ങളും നമ്മുടെ പാർട്ടി പ്രവർത്തകരും നടത്തുന്ന കഠിനാധ്വാനത്തിന്‍റെ ഏറ്റവും വലിയ പ്രതിഫലനമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഏറ്റവും അടിത്തട്ടിലുള്ള നല്ല നേതാക്കളെ ഈ കാര്യത്തിൽ അഭിനന്ദിക്കേണ്ടതായുണ്ട്. പാർട്ടിയെ സംബന്ധിച്ചിടത്തോളം അധികാരത്തിൽ ഇരിക്കുന്നവരുമായി ആശയപരമായിട്ടുള്ള സമരം നടക്കുന്നുണ്ട്. അതുപോലെ ഇവിടെയുള്ള സര്‍ക്കാരുമായും ആശയപരമായ ഒരു പോരാട്ടം നടക്കുന്നുണ്ടെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു. ലോകത്തിലെ തന്നെ ഏറ്റവും നല്ല സാമ്പത്തിക ശക്തിയായിരുന്ന നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക ധന തത്വശാസ്ത്ര മേഖല ഇപ്പോൾ തകർന്നു കിടക്കുകയാണെന്നും യുവതലമുറ ജോലിയില്ലാതെ അലഞ്ഞു നടക്കുന്ന അവസ്ഥയാണ് ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.