വയനാട് : ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ല പൊലീസ് മേധാവി പദം സിങ്. രക്ത ചൊരിച്ചിലില്ലാതെയാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ നിന്നും മാവോയിസ്റ്റുകളെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജില്ല പൊലീസ് മേധാവി.
മാവോയിസ്റ്റുകളെത്തിയ വീട്ടിലെ അംഗങ്ങളെ സുരക്ഷിതരാക്കി പഴുതടച്ചുള്ള ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റുകളെ പൊലീസ് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെ ഓപ്പറേഷന്‍ നടത്താനായത് കൊണ്ട് മാവോയിസ്റ്റുകള്‍ക്ക് പരിക്കേല്‍ക്കാതെ കസ്റ്റഡിയിലെടുക്കാനായെന്നും പദം സിങ് പറഞ്ഞു. കുടുംബത്തിലെ കുട്ടികള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തിയാണ് സംഘത്തിനെതിരെ പൊലീസ് ഏറ്റുമുട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം മുമ്പ് കമ്പമലയിലെത്തിയ മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മേഖലയിലും സമീപ പ്രദേശങ്ങളിലും മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി അടക്കം മേഖലയില്‍ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. എഡിജിപി എംആര്‍ അജിത് കുമാര്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ മേഖലയ്‌ക്ക് പുറമെ സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍, ഹെലികോപ്‌റ്റര്‍ എന്നിവയുടെ സഹായത്തോടെയാണ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നത്.
പേരിയയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ : ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് (നവംബര്‍ 7) പേരിയ ചപ്പാരം കോളനിയില്‍ വച്ച് മാവോയിസ്റ്റ് സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിന് പിന്നാലെ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ട് പേര്‍ രക്ഷപ്പെടുകയും ചെയ്‌തു.
കര്‍ണാടക സ്വദേശിയായ ഉണ്ണിമായ, വയനാട് സ്വദേശിയായ ചന്ദ്രു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാന്‍ പറഞ്ഞിട്ടും പൊലീസ് സംഘത്തിന് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തു. ഇതോടെ പൊലീസ് സംഘം തിരിച്ചടിക്കുകയായിരുന്നു. എകെ 47നും നാടന്‍ തോക്കുകളും അടക്കം നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍ നിന്നും പൊലീസ് സംഘം പിടിച്ചെടുക്കുകയും ചെയ്‌തു.
ഒരു സഹകരണവും ഇല്ല : വയനാട്ടിലെ പേരിയയില്‍ നിന്നും പിടിയിലായ മാവോവാദികളായ രണ്ട് പേരും അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്‌ത്രമാണ് ശരി. മറ്റ് സംവിധാനങ്ങളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നുമാണ് ഇരുവരും പറയുന്നത്. വിവിധ ഏജന്‍സികള്‍ രണ്ട് പേരെയും ചോദ്യം ചെയ്‌ത് വരികയാണ്.
രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം : പേരിയയിലെ മാവോയിസ്റ്റ് പൊലീസ് ഏറ്റമുട്ടലിനിടെ ഓടി രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ്. വയനാടിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് തെരച്ചില്‍ വ്യാപിച്ചിട്ടുണ്ട്.
Also read: മാവോയിസ്റ്റ് 'കൊറിയർ' അനീഷ് ബാബു അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ