വയനാട്: മാവോയിസ്റ്റ് പ്രശ്നം ചർച്ച ചെയ്യാൻ വയനാട്ടിൽ അടുത്ത മാസം ഒന്നിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരും. കഴിഞ്ഞ മാസം യോഗം നടത്താൻ തീരുമാനിച്ചിരുന്നതാണെങ്കിലും യോഗം മാറ്റിവെക്കുകയായിരുന്നു. എല്ലാ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. ജില്ലയിലെ ആദിവാസി കോളനികളിലെ വികസന പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
ജില്ലയിലെ പിന്നാക്കാവസ്ഥയിലുള്ള ആദിവാസി കോളനികളിലാണ് മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ളത്. പ്രത്യേകിച്ച് മാനന്തവാടി താലൂക്കിലെ തലപ്പുഴ, തിരുനെല്ലി മേഖലയിലും, വൈത്തിരി താലൂക്കിലെ മേപ്പാടി, മുണ്ടക്കൈ മേഖലകളിലും. ഇവിടങ്ങളിൽ തോട്ടം തൊഴിലാളികളുടെയും കോളനി നിവാസികളുടെയും പിന്തുണ മാവോയിസ്റ്റുകള്‍ക്കുണ്ട്. കഴിഞ്ഞ ബുധനാഴ്ച റിസോർട്ട് ആക്രമിച്ച മുണ്ടക്കൈ അട്ടമല മേഖലയിൽ പകൽ സമയങ്ങളിൽ പോലും മാവോയിസ്റ്റുകൾ എത്താറുണ്ട്. സമീപത്തെ ആദിവാസി കോളനിയിൽ നിന്നാണ് ഇവർ ഭക്ഷണം വാങ്ങി കഴിക്കാറ്. മാവോയിസ്റ്റ് നാടുകാണി ദളത്തിലെ വിക്രം ഗൗഡ, സോമൻ എന്നിവർ അടങ്ങിയ സംഘമാണ് റിസോർട്ട് ആക്രമിച്ചത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.