വയനാട്: മാനന്തവാടിയില്‍ എല്ലാ വിദ്യാർഥികളെയും ഓൺലൈൻ ക്ലാസില്‍ പങ്കെടുപ്പിക്കാൻ പുതിയ പദ്ധതി നടപ്പാക്കുന്നു. ഹലോ സ്‌കൂൾ എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും മൂന്നു വീതം ഓൺലൈൻ പൊതു പഠന കേന്ദ്രങ്ങൾ ഒരുക്കും. വായനശാലകൾ, കമ്മ്യൂണിറ്റി ഹാൾ, പകൽ വീടുകൾ, മറ്റു സൗകര്യപ്രദമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇവിടെ വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും ഒരുക്കും. വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ ഉടൻ വൈദ്യുതി എത്തിക്കാനുള്ള നടപടി എടുക്കാൻ തീരുമാനമായി.
ഹലോ സ്‌കൂൾ പദ്ധതിക്കായി ലൈബ്രറി കൗൺസിലിന്‍റെ സഹകരണവും തേടും. പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ വാർഡ് തലത്തിൽ വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കും. അധ്യാപകർ ,വിദ്യാഭ്യാസ പ്രവർത്തകർ, പിടിഎ പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, മെന്‍റർ ടീച്ചർമാർ തുടങ്ങിയവരെല്ലാം ഇതിൽ അംഗങ്ങളാകും. മാനന്തവാടിയിൽ എംഎൽഎ ഒ.ആർ കേളുവിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പദ്ധതി ഒരുക്കാൻ തീരുമാനിച്ചത്.