വയനാട്: മഹല്ല് തീരുമാനത്തിന് വിരുദ്ധമായി പടക്കം പൊട്ടിച്ചും, ഉച്ചഭാഷിണി ഉപയോഗിച്ചും വിവാഹം നടത്തിയെന്ന് ആരോപിച്ച് കുടുംബത്തെ ഒരു വര്‍ഷത്തേക്ക് മഹല്ലില്‍ നിന്നും പുറത്താക്കിയതായി പരാതി. മാനന്തവാടി ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം മഹല്ല് ജമാഅത്താണ് ചെമ്മയില്‍ ഇബ്രാഹിമിനെയും കുടുംബത്തെയും മഹല്ലില്‍ നിന്ന് പുറത്താക്കിയതായി പരാതിയുള്ളത്. ഓഗസ്റ്റ് 21 ന് നടന്ന ഇബ്രാഹിമിന്‍റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് വിവാദം.
കല്യാണ തലേന്ന് മഹല്ലുകമ്മിറ്റിയും ഉസ്‌താദുമാരും വിവാഹത്തിന് പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് മഹല്ല് പ്രസിഡന്‍റിന്‍റെ പേരില്‍ പ്രചരിച്ച ശബ്‌ദ സന്ദേശവും ഏറെ വിവാദമായിരുന്നു. കുടുംബാംഗങ്ങള്‍ മാത്രം പാട്ടു പാടി ആഘോഷിച്ച ചടങ്ങായിരുന്നു നടന്നതെന്നും വിവാഹദിനത്തില്‍ പങ്കെടുത്ത അതിഥികളിലൊരാള്‍ പടക്കം പൊട്ടിച്ചപ്പോള്‍ തന്നെ അത് നിയന്ത്രിച്ചിരുന്നതായും ഇബ്രാഹിം പറഞ്ഞു. സമൂഹ മധ്യത്തില്‍ തങ്ങളുടെ കുടുംബത്തിന് അവമതിപ്പുണ്ടാക്കും വിധത്തില്‍ ഏകപക്ഷീയ നടപടിയാണ് മഹല്ല് കമ്മിറ്റി എടുത്തതെന്നും കുടുംബം വ്യക്തമാക്കി.

മഹല്ല് ഭാരവാഹികളോട് അന്നേ ദിവസത്തെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടുള്ള മഹല്ല് സെക്രട്ടറിയുടെ വോയിസ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് തങ്ങളെ മാനസികമായി പ്രയാസപ്പെടുത്തിയതായും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മഹല്ല് കമ്മിറ്റി ഏകപക്ഷിയമായ തീരുമാനം എടുത്തതെന്നും ഇബ്രാഹിം പറയുന്നു.

കൂടാതെ വിവാഹ ഭക്ഷണം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മഹല്ല് സെക്രട്ടറി വിവാഹത്തിന്‍റെ മൂന്ന് ദിവസവും സജീവമായി പങ്കെടുത്തതായും, തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ട് തിരുത്തിയില്ലെന്നും ഇബ്രാഹിം ചോദിക്കുന്നു. മഹല്ല് അംഗത്വം സ്ഥിരമായി റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ജനറല്‍ ബോഡിയില്‍ അവസരം തരുമെന്നാണ് മഹല്ല് കമ്മിറ്റി കത്തിലൂടെ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞായിരിക്കും മഹല്ലില്‍ ജനറല്‍ ബോഡി നടക്കുക എന്നാണ് ഇബ്രാഹിം പറയുന്നത്.
കൂടാതെ വിവാഹത്തില്‍ പങ്കെടുക്കെരുതെന്ന് പറഞ്ഞ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കും, ഉസ്‌താദുമാര്‍ക്കും പ്രസിഡന്‍റിന്‍റെ പേരില്‍ ശബ്‌ദ സന്ദേശം പ്രചരിപ്പിച്ചത് വിദേശത്ത് നിന്നു പോലും ധാരാളമാളുകള്‍ തെറ്റിദ്ധരിക്കപ്പെട്ട് കുടുംബത്തെ കുറ്റപ്പെടുത്തുന്നതായും ഇബ്രാഹിം പറഞ്ഞു. മഹല്ലിന്‍റെ നടപടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇബ്രാഹിം വ്യക്തമാക്കി.
നിലപാടിലുറച്ച് മഹല്ല് കമ്മിറ്റി: മഹല്ല് കമ്മിറ്റി കൂട്ടായെടുത്ത തീരുമാനങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനാണ് അച്ചടക്ക നടപടിയുമായി മുന്നോട്ട് പോയതെന്ന് മഹല്ല് കമ്മിറ്റി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ വിവാഹം നടത്തിയിരുന്നതായും തുടര്‍ന്ന് മാപ്പപേക്ഷ കുടുംബം നല്‍കിയിരുന്നതായും മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. അന്ന് കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാതെ മഹല്ല് കുടുംബത്തോടൊപ്പം നിന്നിരുന്നു. സാധാരണ വിവാഹങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും പടക്കം പൊട്ടിച്ചും, ഉച്ചഭാഷിണിയിലൂടെ പാട്ടുകള്‍ പാടിയും പൊതുജനത്തിന് ശല്യമാകുന്ന തരത്തില്‍ പെരുമാറുന്നതിനെതിരെയാണ് തങ്ങളുടെ നിലപാടെന്നും മഹല്ല് നേതൃത്വം വ്യക്തമാക്കി.