വയനാട്: സംസ്ഥാന സർക്കാരിന്‍റെ കർഷക പുരസ്കാരം ലഭിച്ച വെള്ളമുണ്ട സ്വദേശി കുംഭാമ്മ വിഷമത്തിലാണ്. അഭിനന്ദനവുമായി കുംഭാമ്മയെക്കാണാൻ അവരുടെ വീട്ടിൽ എത്തുന്നവർക്കും അവർ പറയാതെ തന്നെ ആ വിഷമം മനസിലാകും. ചെറുപ്പത്തിലെ പോളിയോ ബാധിച്ച ഭിന്നശേഷിക്കാരിയായ ഈ വൃദ്ധക്ക് സ്വന്തം വീട്ടിലേക്കെത്താൻ യാത്രാ യോഗ്യമായ റോഡില്ലെന്നത് ഒരു തീരാ വിഷമമായി തുടരുകയാണ്.
ഇടിഞ്ഞ് പൊളിഞ്ഞ വഴിയിലൂടെ ഇഴഞ്ഞും നീന്തിയുമാണ് ഈ കർഷക പുരസ്കാര ജേതാവ് സ്വന്തം വീടണയുന്നത്. അരയ്ക്കു താഴെ തളർന്ന ഈ വൃദ്ധ ശരീരം, തളർത്താത്ത മനസുമായി അതിജീവിച്ച് മികച്ച കർഷകയായത് മറ്റുള്ളവർക്ക് മാതൃകയാണ്. അച്ഛനൊപ്പം ചേർന്നാണ് കുംഭാമ്മ കൃഷി ആരംഭിക്കുന്നത്. പിന്നീട് ഭർത്താവിന്‍റെ മരണശേഷം മകനെ പോറ്റാൻ കൃഷി തൊഴിലായി സ്വീകരിച്ചു. തന്‍റെ രണ്ടര ഏക്കർ സ്ഥലത്ത് കാപ്പി, കുരുമുളക്, കവുങ്ങ്, തെങ്ങ്, ഔഷധ സസ്യങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം ജൈവ രീതിയിൽ വിളയിച്ചു.
സ്തനാർബുദത്തോട് പടവെട്ടിയാണ് കുറിച്യ ആദിവാസി വിഭാഗത്തിൽപ്പെട്ട ഈ അമ്മ ഇപ്പോൾ ജീവിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നതിന്‍റെ അവശതയും കുംഭാമ്മയെ അലട്ടുന്നുണ്ട്. എന്തൊക്കെയായലും ദൃഢ നിശ്ചയവും ആത്മധൈര്യവും കൈവിടാതെ ജീവിക്കുന്ന കുംഭാമ്മക്ക് വീട്ടിലേക്ക് യാത്രാ യോഗ്യമായൊരു റോഡ് എന്ന സ്വപ്നം ബാക്കിയാവുകയാണ്.