വയനാട് : സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നൽകിയെന്ന കേസിൽ പാര്‍ട്ടി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു.
ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടു. ആരോപണങ്ങൾ ബിജെപിക്കെതിരായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നായിരുന്നു പ്രശാന്ത് മലവയലിന്‍റെ പ്രതികരണം.
Also Read: ബത്തേരി കോഴ വിവാദം; ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും
സുൽത്താൻ ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ച് സി.കെ. ജാനുവിന് 25 ലക്ഷം രൂപ കൈമാറിയത് പ്രശാന്ത് മലവയലാണെന്ന് പ്രസീത അഴീക്കോട് മൊഴി നൽകിയിരുന്നു. നിവേദ്യങ്ങളടങ്ങിയ തുണി സഞ്ചിയിൽ ഒളിപ്പിച്ചാണ് പണം നൽകിയതെന്നായിരുന്നു മൊഴി.
ബത്തേരിയിലേക്ക് കാസർകോട് നിന്ന് ഇന്നോവ കാറിൽ പണമെത്തിച്ചത് പ്രശാന്താണെന്നും പ്രസീത വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രശാന്തിനെ ചോദ്യം ചെയ്‌തത്.
Also Read: തനിക്കെതിരെ ജാതീയാധിക്ഷേപം നടത്തുന്നതായി സി.കെ ജാനു
എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണ സംഘത്തെ കാര്യങ്ങൾ ബോധിപ്പിച്ചതായും പ്രശാന്ത് മലവയൽ പ്രതികരിച്ചു. രാവിലെ എട്ട് മണിയോടെയാണ് പ്രശാന്ത് മലവയൽ ജില്ല പൊലീസ് ആസ്ഥാനത്തെത്തിയത്.
ചോദ്യം ചെയ്യൽ ഉച്ച തിരിഞ്ഞ് 3 മണി വരെ തുടർന്നു. സി.കെ. ജാനു ഉൾപ്പടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.