വയനാട്: സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.പി.ഗഗാറിനെതിരെ വൈത്തിരി സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് നൽകിയ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എൽഡിഎഫ്. ഗഗാറിന്‍, സി.കെ.ശശീന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ളവർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിലാണ് ആരോപണം വ്യാജമാണെന്ന് അറിയിച്ചത്. വിഷയത്തിൽ സിപിഎമ്മും,എൽഡിഎഫും ഇതുവരെ തുറന്ന പ്രതികരണത്തിന് തയ്യാറായിരുന്നില്ല.
ഗഗാറിന് എതിരെയുള്ള ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്. വൈത്തിരി സ്വദേശിനി സക്കീനയുടെ മരണത്തിൽ ഗഗാറിന് പങ്കുണ്ടെന്ന് ആരോപിച്ച് ഭർത്താവാണ് പരാതി നൽകിയിരുന്നത് . താൻ ഒരു തവണ മാത്രമാണ് സക്കീനയോട് സംസാരിച്ചതെന്ന് ഗഗാറിൻ പറഞ്ഞു. സക്കീനയുടെ ഭർത്താവിനെ തന്‍റെ മകൻ മർദ്ദിച്ചുവെന്ന പരാതിയിലും കഴമ്പില്ല. കേസിൽ പൊലീസ് അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാകില്ല. ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന കാര്യവും അതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളും പിന്നീട് പുറത്തുവിടുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.