വയനാട്: ആദിവാസി നേതാവ് സി.കെ ജാനുവിന്‍റെ പനവല്ലിയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്. തിങ്കളാഴ്‌ച രാവിലെയാണ് ജാനുവിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തില്‍ റെയ്‌ഡ് നടന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുൽത്താൻ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാവാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് ക്രൈം ബ്രാഞ്ചിന്‍റെ നടപടി.
ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, സെക്രട്ടറി എം ഗണേഷ് എന്നിവരെ പ്രതികളാക്കി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. തെളിവുകൾ നശിപ്പിക്കൽ, മൊബൈൽ ഫോൺ ഹാജരാക്കാതിരിക്കൽ, നോട്ടീസുകൾ സ്വീകരിക്കാതിരിക്കൽ എന്നിവയ്ക്കാണ് കേസെടുത്തത്.
തനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്ന് സി.കെ. ജാനു
ഇവർക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. ഇതിന്‍റെ തുടർച്ചയായാണ് മിന്നൽ റെയ്‌ഡ്. ബാങ്കുകളിൽ സി.കെ ജാനു നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെ പരിശോധിച്ചിട്ടുണ്ട്. ജാനുവിന്‍റെയും വളർത്തു മകളുടെയും അവരുടെ സഹോദരന്‍റെ മകൻ അരുണിന്‍റെയും ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.
തനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്ന് സി.കെ. ജാനു പ്രതികരിച്ചു. ബത്തേരി മണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ കെ സുരേന്ദ്രൻ സി.കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നൽകിയെന്നതാണ് പരാതി. തുടർന്ന് കല്‍പറ്റ കോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ALSO READ: ഇനി സമ്മേളന കാലം, സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്‌റ്റംബറില്‍