വയനാട്: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമണത്തിൽ പരമാവധി വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം. ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. അന്വേഷണത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞെന്നും സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകുമെന്നും മനോജ് എബ്രഹാം പറഞ്ഞു.
പൊലീസിന്‍റെ വീഴ്‌ചയടക്കം എല്ലാ കാര്യങ്ങളും പരിശോധിച്ചു. ആക്രമണത്തിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നാണ് എ.ഡി.ജി.പിയുടെ പ്രാഥമിക വിലയിരുത്തല്‍. എം.പിയുടെ ഓഫിസ് എന്നതിനപ്പുറം ഒരു ദേശീയ നേതാവിന്‍റെ ഓഫിസെന്ന പരിഗണന വേണ്ടിയിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ നീക്കം മനസിലാക്കി പ്രതിരോധിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും ഇതില്‍ പറയുന്നു.
വയനാട്ടിൽ തങ്ങിയാണ് മനോജ് എബ്രഹാം അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. ആർ ആനന്ദ് ഐ.പി.എസിന് വയനാട് എസ്.പിയുടെ അധികചുമതല നൽകി. വയനാട് എസ്.പി അരവിന്ദ് സുകുമാർ കൊവിഡ് ബാധിച്ച് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണിത്. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം പരിഗണിച്ചാണ് അധികചുമതല. നിലവിൽ പൊലീസ് ആസ്ഥാനത്തെ എസ്.പിയാണ് ആനന്ദ്.
അക്രമം ബഫര്‍ സോണ്‍ വിഷയം ഉന്നയിച്ച്: ജൂണ്‍ 24നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്.എഫ്.ഐ ആക്രമണമുണ്ടായത്. ദേശീയ ഉദ്യാനങ്ങളുമായി ബന്ധപ്പെട്ട് ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി സുപ്രീംകോടതി പ്രഖ്യാപിച്ച വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.
പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ കൈനാട്ടി എസ്.ബി.ഐക്ക് സമീപമുള്ള ഓഫിസിലേക്കു ഇരച്ചുകയറി. ഇതോടെ ഓഫിസില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി ഓഫിസ് വ്യാപകമായി തകര്‍ത്തു. സംഭവത്തില്‍ 30 പേര്‍ പിടിയിലായിട്ടുണ്ട്.