മലപ്പുറം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരംഭിച്ച ഓൺലൈൻ അധ്യയന വർഷത്തെക്കുറിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്. പഠിക്കാൻ മിടുക്കരായ നിരവധി വിദ്യാർഥികൾക്ക് ഓൺലൈൻ സംവിധാനം ലഭ്യമാകാത്ത അവസ്ഥ നിലവിലുണ്ട്. ക്ലാസില്‍ പങ്കെടുക്കാൻ കഴിയാത്ത മനോവിഷമത്തില്‍ മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മരണവും കേരളത്തെ ഞെട്ടിച്ചു. എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ സംവിധാനം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
മലപ്പുറം കുറ്റിപ്പുറം തവനൂരിലെ അബ്ദുറഹ്‌മാന്‍റെ വീട്ടിലുമുണ്ട് പഠിക്കാൻ മിടുക്കരായിട്ടും ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയാത്തതിനെ തുടർന്ന് വിഷമിക്കുന്ന രണ്ട് മിടുക്കർ. രാത്രിയില്‍ ചിമ്മിനി വെളിച്ചത്തില്‍ പഠിക്കുന്ന റമീസക്കും റഹീസിനും ഓൺലൈൻ പഠനം എന്ന സ്വപ്‌നം ഇപ്പോഴും വിദൂരത്താണ്. തവനൂരിലെ അബ്‌ദുറഹ്‌മാൻ- സാഹിറ ദമ്പതികളുടെ മക്കളാണ് റമീസയും റഹീസും. ഇരുവരും ഹയർ സെക്കൻഡറി വിദ്യാർഥികളാണ്. കഴിഞ്ഞ പത്ത് വർഷമായി ഇവരുടെ വീട്ടില്‍ വൈദ്യുതിയില്ല. നടപടികൾ പൂർത്തിയായെങ്കിലും വഴി സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. ഇതിനായി അബ്‌ദുറഹ്‌മാൻ മുട്ടാത്ത വാതിലുകളില്ല.
തവനൂർ ഗ്രാമപഞ്ചായത്തിലെ പത്തൊൻപതാം വാർഡിലാണ് അബ്‌ദുറഹ്‌മാനും കുടുംബവും കഴിയുന്നത്. വൈദ്യുതി ഇല്ലാത്തതുകൊണ്ട് കുട്ടികളുടെ പഠനം അടക്കമുള്ള കാര്യങ്ങൾക്ക് വലിയ ദുരിതമാണ് അനുഭവപ്പെടുന്നത്. മകനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചാണ് പഠനകാര്യങ്ങൾ നടത്തുന്നതെന്ന് അബ്ദുറഹ്മാൻ പറയുന്നു.
കുറ്റിപ്പുറം വുമൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് റമീസ. പഠിക്കാൻ മിടുക്കിയായ റമീസക്ക് വീട്ടിൽ വൈദ്യുതി ഇല്ലാത്തതുകൊണ്ട് രണ്ടു ദിവസത്തെ ഓൺലൈൻ ക്ലാസ് നഷ്ടമായി. അയല്‍ വീട്ടില്‍ നിന്ന് ഫോൺ ചാർജ് ചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ ഫോണിലൂടെ റമീസക്ക് ക്ലാസില്‍ പങ്കെടുക്കാൻ കഴിയൂ. വർഷങ്ങളായി സഹോദരനും റമീസയും ചിമ്മിനി വിളക്ക് വെളിച്ചത്തിൽ ദുരിതം അനുഭവിച്ചാണ് പഠിക്കുന്നത്. ഓൺലൈൻ ക്ലാസുകൾക്ക് എല്ലാവിധ സഹായങ്ങളും എത്തിച്ച് നല്‍കുന്ന സർക്കാർ വീട്ടിലേക്ക് വൈദ്യുതി എത്തിച്ചു നൽകണം എന്നാണ് ഈ കുടുംബത്തിന്‍റെ ആവശ്യം