തൃശൂർ: പേരാമംഗലം ഇരട്ടക്കൊലപാതകകേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുറ്റൂർ സ്വദേശി പ്രതീഷാണ് അറസ്റ്റിലായത്. പേരാമംഗലം ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതിയായ സിജോ ജെയിംസിനെയാണ് പ്രതീഷ് കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിജോയെ മുണ്ടൂരിനടുത്തു വെച്ചാണ് പ്രതീഷ് വെട്ടിക്കൊലപ്പെടുത്തിയത്.
2019 ഏപ്രിൽ 24ന് പേരാമംഗലം വായനശാലക്ക് സമീപം ബൈക്കിൽ സഞ്ചരികികുകയായിരുന്ന ശ്യാം, ക്രിസ്റ്റോ എന്നിവരെ പിക്ക് അപ്പ് വാൻ ഇടിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സിജോ ജെയിംസ് പ്രതിയായത്. ഈ കൊലപാതകങ്ങളിൽ സിജോ ജെയിംസ് കൊലപ്പെടുത്തിയ ശ്യാം എന്ന യുവാവിന്‍റെ സുഹ്യത്താണ് പ്രതീഷ്.
സുഹ്യത്തിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യവും സിജോയുമായുള്ള കഞ്ചാവ് കച്ചവടത്തിലെ തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതീഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കൊലപാതക സമയത്ത് സിജോയുടെ കൂടെയുണ്ടായിരുന്നവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് കാറുകളിലായി എത്തിയ സംഘത്തിൽ പത്തോളം പേർ ഉൾപ്പെട്ടതായും മറ്റ് പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതീഷിനെ പിന്നീട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.