തൃശൂര്‍: കുന്നംകുളത്ത് മൂന്നുവര്‍ഷം മുൻപ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ വരന്തരപ്പിള്ളി സ്വദേശി സലീഷിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു. കൈപ്പറമ്പ് പുറ്റേക്കര സ്വദേശി രജീഷാണ് കുന്നംകുളത്തിനടുത്ത ആയമുക്ക് പുഴയില്‍ മുങ്ങിമരിച്ചത്.
2019 നവംബർ 18നാണ് ഈ സംഭവം നടന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സംഭവസമയത്ത് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്ന് ആയമുക്ക് പുഴക്കരികില്‍ ഇരുന്ന് മദ്യപിച്ചിരുന്നു.
ഇതിനിടയില്‍ സലീഷിന്‍റെ മൊബൈൽ പുഴയിൽ വീണു. ഇതോടെ സലീഷ് വീട്ടിലേയ്ക്ക് വിളിക്കാനായി രജീഷിന്‍റെ ഫോണ്‍ പോക്കറ്റില്‍ നിന്നും എടുക്കാന്‍ ശ്രമിച്ചു. ഇത് രജീഷ് തടഞ്ഞു. ഇതേത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രജീഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഇരുവരും ബസ് ഡ്രെെവര്‍മാരാണ്.
മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുന്നംകുളം എസിപിയുടെ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. മരിച്ച രജീഷിന്‍റെ സഹോദരന്‍റെ പരാതിയിലാണ് തുടരന്വേഷണം നടത്തിയത്. അതേസമയം പ്രതിക്ക് മരിച്ച രജീഷിനോട് മുന്‍വെെരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്‌തുവരികയാണ്.