തൃശൂര്‍: ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. കൊച്ചി തോപ്പുംപടി സാന്തോം കോളനിയില്‍ മൻസൂർ (19) ആണ് പിടിയിലായവരില്‍ ഒരാൾ. മറ്റൊരാൾ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
ഊബർ ആപ്പില്‍ രജിസ്റ്റർ ചെയ്‌ത നമ്പർ പൊലീസിന് ലഭിച്ചിരുന്നെങ്കിലും ചെന്നൈയിൽ നിന്നും വ്യാജവിലാസം നൽകിയെടുത്തതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ കോളുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ നിർണായകമായത്. ലഹരിക്ക് അടിമകളായ പ്രതികൾ കേരളത്തിന് പുറത്തുനിന്നും മയക്കുമരുന്ന് എത്തിച്ച് വിൽപന നടത്താനാവശ്യമായ പണം കണ്ടെത്താനാണ് കാർ മോഷ്‌ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കമ്പത്തോ മധുരയിലോ എത്തിച്ച് കാർ പൊളിച്ചു വിൽപന മാഫിയക്ക് വിൽക്കാനായിരുന്നു പദ്ധതി.
ചൊവ്വാഴ്‌ച പുലര്‍ച്ചെയായിരുന്നു തൃശൂര്‍ ദിവാന്‍ജി മൂലയില്‍ നിന്നും ഊബര്‍ ടാക്‌സിയില്‍ കയറിയ യുവാക്കൾ പുതുക്കാടിന് സമീപം ആമ്പല്ലൂര്‍ വെച്ച് ഇരുമ്പുകമ്പി കൊണ്ട് ഡ്രൈവര്‍ രാഗേഷിനെ തലക്കടിച്ച് വീഴ്‌ത്തിയത്. പ്രതികൾ തട്ടിയെടുത്ത കാര്‍ അങ്കമാലിയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.