തൃശൂർ: പാലിയേക്കരയിൽ ടോൾ ബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബൂത്ത് ജീവനക്കാര്‍ മര്‍ദിച്ചു. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. ടോൾ ജീവനക്കാരനായ ഒരാളെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് പാലിയേക്കര ടോൾ ബൂത്തിലെ ബാരിയർ തുറന്നുവിട്ടവരാണ് മർദനത്തിനിരയായത്. ആലുവ സ്വദേശി റോബിന്‍(24), കാലടി സ്വദേശി ജ്യോതിസ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ റോബിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂരിൽ നിന്ന് മടങ്ങുകയായിരുന്ന ഇവർ ഗതാഗതക്കുരുക്കിൽപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. തിരക്കിൽ കാത്ത് നിന്നതുമൂലം ടോൾ നൽകില്ലെന്ന് പറഞ്ഞ ഇവർ എതിർദിശയിലെ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. മൂന്ന് ബൂത്തുകളിലെ ബാരിയർ പ്രവർത്തകർ ബലമായി തുറന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്. സംഭവമറിഞ്ഞെത്തിയ പുതുക്കാട് മേഖലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ടോൾ പ്ലാസയിൽ പ്രതിഷേധിച്ചു. പിന്നീട് പുതുക്കാട് എസ്ഐ സ്ഥലത്തെത്തി ടോൾ ജീവനക്കാരനെ പിടികൂടിയ ശേഷമാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. ഡിസിസി സെക്രട്ടറി സെബി കൊടിയൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജെറോം ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും കേസെടുക്കുമെന്ന് പുതുക്കാട് എസ്.എച്ച്.ഒ. എസ്.പി. സുധീരൻ അറിയിച്ചു.