തൃശൂര്‍: സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. എളനാട് സ്വദേശി എന്‍.എ. ഗോപകുമാറി(52)ന് എതിരെയാണ് കേസ്. തൃശൂർ ചേലക്കര എസ്എംടി സ്‌കൂളിലെ അധ്യാപകനും എൻസിസി ചുമതല വഹിക്കുന്നയാളുമാണ് പ്രതി. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിക്കുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സംഭവം പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് സ്‌കൂളിൽ പരാതി അറിയിച്ചെങ്കിലും അധികൃതർ അവഗണിച്ചു. പിന്നീടാണ് ഇവർ പൊലീസിനെ സമീപിച്ചത്.
അധ്യാപകനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ ഉണ്ടായതായി ആരോപണമുണ്ട്. ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഭവത്തിൽ എസ്എഫ്ഐ, ബിജെപി, കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായെത്തിയതോടെ സ്കൂൾ അധികൃതർ അധ്യാപകനോട് നിർബന്ധിത അവധിയെടുക്കാൻ നിർദേശം നൽകി. യുവജന രാഷ്ട്രീയ സംഘടനകൾ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സംഭവത്തിൽ വിദ്യാർഥിനിയുടെ രഹസ്യ മൊഴി വടക്കാഞ്ചേരി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.