തൃശൂര്‍: കര്‍ക്കടകപ്പുലരിയില്‍ തൃശൂര്‍ പൂരനഗരിയില്‍ ആനയൂട്ട് നടന്നു. 51 ആനകളാണ് ഇത്തവണ ആനയൂട്ടില്‍ പങ്കെടുത്തത്. കൊവിഡിന്‍റെ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടന്ന സമ്പൂര്‍ണ്ണമായ ചടങ്ങ് കാണാന്‍ ആയിരങ്ങളാണ് ഇത്തവണ വടക്കുംനാഥക്ഷേത്രത്തിലേക്ക് എത്തിയത്.
ആനയൂട്ടോടെ കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ആനകൾക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന സുഖചികിത്സക്കും തുടക്കമായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ മുതിര്‍ന്ന ആനയായ ചന്ദ്രശേഖരനെ ചടങ്ങുകളുടെ ഭാഗമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍ ആദരിച്ചു. ആനകളെ സംരക്ഷിക്കുക എന്ന സന്ദേശമാണ് ആനയൂട്ടിലൂടെ പകര്‍ന്നു നല്‍കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്‌ണന്‍ പറഞ്ഞു.
ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ആനയൂട്ടിനെത്തിയിരുന്നു. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ പുലര്‍ച്ചെ നടന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഔഷധമരുന്നുകൾ ചേർത്ത ചോറുരുള, തണ്ണിമത്തൻ, കരിമ്പ്, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ എന്നിവയാണ് ആനകൾക്ക് നൽകുക.
കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന ആനയായ ചന്ദ്രശേഖരന് മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു. വടക്കുംനാഥന്‍റെ ആനയൂട്ടിൽ പങ്കെടുത്താൽ ആ വർഷം മുഴുവൻ ആനകൾക്ക് ആയുർസൗഖ്യം ലഭിക്കും എന്നാണ് വിശ്വാസം. ഉടമകൾ സ്വന്തം ചിലവിലാണ് തങ്ങളുടെ ആനകളെ ആനയൂട്ടിന് എത്തിക്കുന്നത്. റവന്യൂ മന്ത്രി കെ.രാജന്‍, കലക്‌ടര്‍ ഹരിത വി.കുമാര്‍ തുടങ്ങിയവരും ആനയൂട്ടില്‍ പങ്കെടുത്തിരുന്നു.