തൃശ്ശൂര്‍: ആര്‍ത്തലച്ച് പെയ്ത മഴയ്ക്ക് ഇത്തിരി ശമനമുണ്ടായ നേരം, നിറച്ച് വച്ച കതിന കുറ്റികളില്‍ തീ പടര്‍ന്നു, പിന്നാലെ ശബ്ദ വിസ്മയം. കാത്തിരിപ്പിനും ആശങ്കക്കുമൊടുവിലാണ് തൃശ്ശൂർ പൂരത്തിന്‍റെ മാറ്റിവച്ച വെടിക്കെട്ട്. വെടി പൊട്ടിത്തീർന്നതിന് പിന്നാലെ പെരുമഴ ആർത്തലച്ച് പെയ്തു.
മെയ് ഒന്നിന് പുലർച്ചെ പൊട്ടിക്കേണ്ട വെടിക്കെട്ട് നേരത്തെ മൂന്ന് തവണ മാറ്റി വച്ചിരുന്നു. എന്നാല്‍ വെടിമരുന്ന് ഇന്ന് തന്നെ (20.05.2022) പൊട്ടിച്ച് അവസാനിപ്പിക്കാന്‍ ജില്ല ഭരണകൂടവും ദേവസ്വങ്ങളും തീരുമാനിക്കുകയായിരുന്നു. വൈകിട്ട് നാലിന് മുമ്പ് പൊട്ടിക്കാനായിരുന്നു തീരുമാനം. ഇതിനായി ഒരുക്കം തുടങ്ങിയെങ്കിലും 12.30ഓടെ പെയ്ത ചാറ്റൽമഴ വീണ്ടും ആശങ്ക ഉയര്‍ത്തി.
പക്ഷെ ഉച്ചയ്ക്ക് ഒന്നോടെ വീണ്ടും മഴ നീങ്ങിയത് ആശ്വാസമായി. രണ്ട് മണിക്ക് ശേഷമാണ് പാറമേക്കാവ് വിഭാഗം വെടിമരുന്നിന് തീ കൊളുത്തിയത്. മിനുട്ടുകൾ നീണ്ടു നിന്ന വെടിക്കെട്ട് നഗരത്തെ പിടിച്ചു കുലുക്കി. രണ്ടരയ്ക്ക് ശേഷമാണ് തിരുവമ്പാടി വെടിമരുന്നിന് തിരികൊളുത്തിയത്.
ചരിത്രത്തിലാദ്യമായി തൃശൂർപൂരം വെടിക്കെട്ട് നടത്താൻ വനിത നേതൃത്വം നല്‍കിയെന്ന പ്രത്യേകതയുമുണ്ട് ഈ വര്‍ഷം. പൂരത്തിന്‍റെ വെടിക്കെട്ട് നടത്തിപ്പുകാരായ കുണ്ടന്നൂർ പന്തംകാട്ടിൽ കുടുംബത്തിലെ ഷീന സുരേഷാണ് പെസോയുടെ ലൈസൻസ് നേടി വെടിക്കെട്ട് കരാർ ഏറ്റെടുത്തത്. കാലങ്ങളായി കുടുംബത്തിലെ സ്ത്രീകൾ വെടിക്കെട്ട് ജോലികളിൽ ഏർപ്പെടാറുണ്ടെങ്കിലും തൃശ്ശൂർ പൂരം പോലെ വലിയ വെടിക്കെട്ട് ഏറ്റെടുത്തു നടത്തുന്നത് ഇതാദ്യമായാണ്.
കാത്തിരുന്ന വെടിക്കെട്ട് കഴിഞ്ഞതോടെ ജില്ല ഭരണകൂടവും പൊലീസും ദേവസ്വങ്ങളും ആശ്വാസത്തിലായി. പൂരനാൾ മുതൽ പൊലീസ് കാവലിൽ തേക്കിൻകാട് മൈതാനിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വെടിമരുന്നുകൾ.
Also Read: മഴയെ തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്‌ച നടക്കും