തൃശൂര്‍: കയ്‌പമംഗലത്ത് യുവാക്കളിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. തൃശൂർ അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക. 15.2 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ജിനേഷ്, വിഷ്‌ണു എന്നിവരുടെ പക്കല്‍ നിന്നും മയക്കുമരുന്ന് കടമായി വാങ്ങിയ വിദ്യാർഥികളുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് എക്സൈസ് കണ്ടെടുത്തിരുന്നു.
ലഹരി കൈമാറിയ കുട്ടികളുടെ പേര്, കൈമാറിയ തിയതി, ഓരോരുത്തരും എത്ര രൂപ വീതം തന്നു, ഇനി തരാനുള്ളത് എത്ര എന്നിവയെല്ലാം ലിസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നു. 150 ലധികം വിദ്യാർഥികളാണ് ലഹരിക്കടത്ത് സംഘത്തിന്‍റെ വലയിൽപ്പെട്ടത്. 17നും 25നും ഇടയില്‍ പ്രായമുള്ള സ്‌കൂൾ, കോളജ് വിദ്യാർഥികളാണിവർ. ഇവരിൽ പെൺകുട്ടികളും ഉണ്ട്.
വിദ്യാര്‍ഥികളെ കണ്ടെത്തി ബോധവത്കരണം നടത്താനും എക്സൈസ് നീക്കം നടത്തുന്നുണ്ട്. ലഹരി കടത്തിലെ മുഖ്യകണ്ണി ഒല്ലൂർ സ്വദേശി അരുണ്‍ ആണെന്ന് ഇതിനോടകം എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയെ സമീപിക്കും.