തൃശൂർ: തൃശൂരിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തൃശൂർ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നിയന്ത്രണത്തിന്‍റെ ഭാഗമായി സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി തുടങ്ങിയ വാഹനങ്ങളുടെ സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശനം നിർത്തലാക്കി. തൃശൂർ നഗരത്തിലെ കടകൾ അടച്ചു. എന്നാൽ ശക്തൻ മാർക്കറ്റിലെ കടകൾ കർശന നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഇന്നലെ തൃശൂർ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കോർപ്പറേഷൻ ഓഫീസിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം എട്ട് ആയി. കോർപ്പറേഷനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ജീവനക്കാർക്ക് കൊവിഡ് ബാധിക്കുന്നതിനാൽ കോർപ്പറേഷനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ജീവനക്കാരുടെ കുറവ് മൂലം മെഡിക്കൽ കോളജിലെ കൊവിഡ് ഡ്യൂട്ടിക്കാരുടെ നിരീക്ഷണ കാലാവധി കുറച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജിൽ നിലവിൽ കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന എല്ലാ ജീവനക്കാർക്കും 14 ദിവസമാണ് നിരീക്ഷണ കാലാവധി. പുതിയ ഉത്തരവ് പ്രകാരം ഇത് ഏഴ് ദിവസമായി ചുരുക്കി. ഒരു ബാച്ചിൽ ഡോക്ടർമാർ അടക്കം 150 ൽ ഏറെ ജീവനക്കാരാണ് കൊവിഡ് ഡ്യൂട്ടിയിൽ എർപ്പെടുന്നത്. ഇവർ 14 ദിവസം നിരീക്ഷണത്തിൽ പോകുമ്പോൾ ആശുപത്രിയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ മാനദണ്ഡം ജൂലായ് ഒന്ന് മുതൽ നിലവിൽ വരും. നിരീക്ഷണ കാലവധി കുറച്ചതിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.