തൃശൂര്‍: ഒരാഴ്‌ച മുന്‍പ് ചേര്‍പ്പ് പാറക്കോവിലില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളിയായ മന്‍സൂര്‍ മാലിക്കിനെ (40) കാണാതായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെ താനും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് ഭാര്യ മൊഴി നല്‍കി. ഇതേതുടര്‍ന്ന് രേഷ്‌മ ബീവി (30), ബീരു (33) എന്നിവര്‍ അറസ്റ്റിലായി.
ഇരുവരെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്‌മ ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്‌തതോടെയാണ് യുവതി കുറ്റം സമ്മതിച്ചത്.
കൊലപാതകം മദ്യം നല്‍കി മയക്കിയ ശേഷം
തുടര്‍ന്ന്, ബീരുവിനെയും ചോദ്യം ചെയ്‌തു. ഇയാളും കുറ്റ സമ്മതം നടത്തിയതോടെയാണ് അറസ്റ്റ്. ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കി. സംഭവ ദിവസം ബീരു, മന്‍സൂറിന് മദ്യം നല്‍കുകയുണ്ടായി. തുടര്‍ന്ന്, ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശേഷം ബീരുവും രേഷ്‌മയും ചേര്‍ന്ന് വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ടു.
ആര്‍.ഡി.ഒയുടെ സാനിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. 11 വര്‍ഷമായി സംസ്ഥാനത്ത് സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരു കൊല്ലമായി ഭാര്യയും 12 ഉം ഏഴും വയസുള്ള മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലാണ് താമസം.
മുകള്‍നിലയില്‍ മന്‍സൂറിന്‍റെ കുടുംബവും താഴത്തെനിലയില്‍ ബീരുവുമാണ് താമസിച്ചിരുന്നത്.
ALSO READl നിരോധനാജ്ഞയ്ക്കിടെ ആലപ്പുഴയില്‍ ഗുണ്ട ആക്രമണം; യുവാവിന് വെട്ടേറ്റു