തൃശൂർ: സംസ്ഥാന സ്‌കൂൾ കായിക മേളയ്‌ക്ക് തൃശൂരിൽ ഔദ്യോഗിക തുടക്കമായി. വൈകിട്ട് 3.30ന് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്‌തു. പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്നത്.
രാവിലെ ഏഴ് മണി മുതൽ തന്നെ മത്സരങ്ങൾക്ക് തുടക്കമായിരുന്നു. ഒമ്പത് മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് ഐഎഎസ് കായിക മേളയുടെ പതാക ഉയർത്തി. മത്സരങ്ങൾ പുരോഗമിക്കുമ്പോൾ 26 പോയന്‍റുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. 25 പോയന്‍റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്ത് തുടരുന്നു. നാലാം സ്ഥാനത്ത് കോട്ടയമാണുള്ളത്. വരും മണിക്കൂറുകളിൽ മുന്നേറാനാകുമെന്നാണ് മറ്റു ജില്ലകളുടെ പ്രതീക്ഷ. അതേസമയം ഇത്തവണത്തെ മേളയില്‍ ഇടവേളകൾ കുറവായതുകൊണ്ട് മത്സരാർത്ഥികൾക്ക് ക്ഷീണമുണ്ടാകാൻ സാധ്യതയുളളതാണ് പരിശീലകരുടെ ആശങ്ക.
ജൂനിയർ പെൺകുട്ടികളുടെ 3500 മീറ്റർ ഓട്ടമാണ് മേളയില്‍ നടന്ന ആദ്യമത്സരം. തുടർന്ന് സീനിയർ വിഭാഗങ്ങളുടെയും മത്സരങ്ങൾ നടന്നു. കണ്ണൂരിനാണ് ആദ്യ സ്വർണം ലഭിച്ചത്. തുടർന്ന് ഹൈജമ്പ്, ലോങ് ജമ്പ് ഡിസ്‌കസ് ത്രോ, പോൾ വാൾട്ട് മത്സരങ്ങളും നടന്നു.
കഴിഞ്ഞ ദിവസം മേളയുടെ ദീപശിഖ പ്രയാണവും വിളംബര ജാഥയും രജിസ്ട്രേഷനും നടന്നിരുന്നു. 20-ാം തീയതി വരെ നടക്കുന്ന മത്സരത്തിൽ ഇക്കുറി മൂവായിരം മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
മുന്നേറ്റത്തിനൊരുങ്ങി തൃശൂർ ജില്ല: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഇക്കുറി മികച്ച മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ തൃശൂർ ജില്ല. മേളയിലെ 98 ഇനങ്ങളിലും പങ്കെടുക്കുന്ന 214 കായിക താരങ്ങളും അതിനുള്ള കഠിന പരിശീലനത്തിലാണ്. 105 പെൺകുട്ടികളും 109 ആൺകുട്ടികളുമാണ് ഇത്തവണ ജില്ലയ്ക്കു വേണ്ടി സ്വര്‍ണ്ണം നേടാന്‍ കളത്തിലിറങ്ങുന്നത്.
ജില്ലയിലെ കായിക വികസന പദ്ധതികള്‍ ട്രാക്കിലെത്തുന്ന കായിക താരങ്ങൾക്ക് ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റവന്യൂ ജില്ലാ കായിക മേള നടന്ന സിന്തറ്റിക് ട്രാക്കിൽ മികവു പ്രകടിപ്പിക്കാനായ ആവേശത്തിലാണ് ജില്ലയിലെ കായിക പ്രതിഭകൾ വീണ്ടും കുന്നംകുളത്തെത്തുന്നത്.
കഴിഞ്ഞ വർഷത്തെ മേളയില്‍ ആറാം സ്ഥാനമായിരുന്നു ജില്ലയ്ക്ക്. പ്രധാന ഇനങ്ങളായ ജംപിങ്, ട്രാക്ക് എന്നിവയില്‍ മികച്ച മുന്നേറ്റം നടത്തി ഇത്തവണ നൂറ് പോയന്‍റ് കടക്കാമെന്ന പ്രതീക്ഷയിലാണ് മാനേജർമാർ. ഡിഡി ഇൻ ചാർജ് ബാബു എം പ്രസാദ്, ജില്ലാ സ്പോർട്‌സ് കോർഡിനേറ്റർ എ എസ് മിഥുൻ, റവന്യൂ സെക്രട്ടറി ഗിറ്റ്സൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ല ഇത്തവണ കായികമേളക്കെത്തുന്നത്.
മൂന്നു ദിവസമായി ട്രാക്കിൽ നിരന്തര പരിശീലനത്തിലാണ് കായികതാരങ്ങളെല്ലാം. ഞായറാഴ്‌ച കായിക താരങ്ങൾക്ക് മാനസിക പിന്തുണ ലഭ്യമാക്കാന്‍ മോട്ടിവേഷൻ ക്ലാസ് നൽകിയിരുന്നു. താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ടീഷർട്ടുകളും നൽകി.