തൃശൂര്‍: ചാവക്കാട് വന്‍ സ്‌പിരിറ്റ് വേട്ട. കര്‍ണാടകയില്‍ നിന്നും തൃശൂരിലേക്ക് കടത്തി കൊണ്ടുവന്ന 1300 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി നവീൻ കുമാർ (34), പന്നിയൂർ സ്വദേശി ലിനേഷ് (33) എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് (നവംബര്‍ 24) ഇരുവരെയും ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്.
കര്‍ണാടകയില്‍ നിന്നും മിനി ലോറിയിലാണ് സ്‌പിരിറ്റ് കടത്തിയത്. 43 പ്ലാസ്‌റ്റിക് കാനുകളിലാക്കിയാണ് സ്‌പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. ചകിരി കയറ്റിയെത്തിയ ലോറിയില്‍ ഒളിപ്പിച്ചാണ് സ്‌പിരിറ്റ് കേരളത്തിലെത്തിച്ചത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്‌പിരിറ്റ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് കണ്ടെത്തിയത്.
കര്‍ണാടകയില്‍ നിന്നെത്തിച്ച സ്‌പിരിറ്റ് തൃശൂരിലേക്കുള്ളതാണോ അതോ മറ്റിടങ്ങളിലേക്കുള്ളതാണോയെന്നും എക്‌സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. ക്രിസ്‌തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ എന്നിവയ്‌ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി കടത്ത് അധികരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ്.
സമാന സംഭവം നേരത്തെയും: ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പും തൃശൂരില്‍ നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സ്‌പിരിറ്റ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായിരുന്നു. ഗുരുവായൂര്‍ സ്വദേശി അരുണാണ് അറസ്റ്റിലായത്. പുതുക്കാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 1500 ലിറ്റര്‍ സ്‌പിരിറ്റും 300 ലിറ്റര്‍ വ്യാജ മദ്യവും നിര്‍മാണ സാമഗ്രികളും ഇയാളില്‍ നിന്നും പൊലീസ് കണ്ടെത്തി. പുതുക്കാടുള്ള വാടക വീട്ടിലാണ് അരുണ്‍ സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കവര്‍ച്ച കേസിലെ പ്രതി അറസ്റ്റില്‍: മണ്ണുത്തിയില്‍ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. കാളത്തോട് സ്‌നേഹതീരം സ്വദേശി സുനില്‍ ജോസഫാണ് (47) പിടിയിലായത്. നവംബര്‍ 14ന് വൈകിട്ട് 7 മണിക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. മണ്ണുത്തി സ്വദേശിയായ വയോധികയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്. വീട്ടില്‍ വയോധിക ഒറ്റക്കായ സമയത്ത് വാതിലില്‍ തട്ടിവിളിക്കുകയായിരുന്നു. വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഇയള്‍ ബൈക്കില്‍ കടന്നുകളയുകയും ചെയ്‌തു. വയോധികയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തി. ഇതോടെയാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. മണ്ണുത്തി പൊലീസും സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
also read: Spirit Raid At Kannur കണ്ണൂരിൽ വൻ സ്‌പിരിറ്റ് വേട്ട : പിടിച്ചെടുത്തത് 6600 ലിറ്റർ സ്‌പിരിറ്റ്