തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്‍റെയും ഫലം പോസിറ്റീവ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ഫലം നെഗറ്റീവ് ആകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ സാമ്പിൾ അയക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം. അതേസമയം ഇന്ന് രണ്ട് പേരെക്കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ 24 പേരാണ് ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിനു പുറമെ 165 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
പുതുതായി ഇന്ന് അഞ്ച് സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ നിന്നും ആകെ 50 സാമ്പിളുകൾ അയച്ചതിൽ 10 എണ്ണത്തിന്‍റെ ഫലം മാത്രമാണ് ലഭിച്ചത്. ഇനി അഞ്ച് സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 35 സാമ്പിൾ ഫലങ്ങൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിക്കാനുണ്ട്. വൈറസ് ബാധയെപ്പറ്റിയുള്ള ബോധവത്കരണത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനായി ഫോൺ മുഖാന്തരം ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കൗൺസിലിങ് സഹായം ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെപ്പറ്റിയുള്ള വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇന്ന് ഒരാൾകൂടി അറസ്റ്റിലായി. തൃശൂർ തിരുവഞ്ചിക്കുളം സ്വദേശി ശാലു ആണ് അറസ്റ്റിലായത്. ഇതോടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.