തൃശൂർ: കുന്നിൻ ചെരുവിലെ കൃഷിയിടത്തിൽ ജല സംരക്ഷണത്തിന് അനുയോജ്യമായ മാതൃകയൊരുക്കി തൃശൂർ സ്വദേശിയായ വർഗീസ് തരകൻ. കർഷകനെന്ന നിലയിലും കുള്ളൻ പ്ലാവായ ആയുർജാക്ക് ഇനത്തിന്റെ ഉപജ്ഞാതാവ് എന്നനിലയിലും അറിയപ്പെടുന്ന കർഷകനാണ് തൃശൂർ സ്വദേശിയായ വർഗ്ഗീസ് തരകൻ. കുറുമാൽ കുന്നിലെ തന്റെ അഞ്ച് ഏക്കറിൽ കുന്നിൻ ചെരിവുകളെ തട്ടുകളായി തിരിച്ചാണ് പ്ലാവുകൾ കൃഷി ചെയ്തിരിക്കുന്നത്. കൃഷി ചെയ്തിരിക്കുന്ന പ്ലാവുകൾക്കിടയിൽ ട്രെഞ്ചുകൾ കീറിയാണ് തരകൻ ജലം ഭൂമിയിലേക്കിറങ്ങാൻ ഇടമൊരുക്കിയത്. മഴവെള്ളം കുന്നിൻ ചെരിവിലൂടെ ഒലിച്ചു പോകുന്നതിനു പകരം ഭൂഗർഭ ജലമാക്കി മാറ്റാൻ ഈ കൃഷി രീതിക്ക് സാധിക്കുന്നുണ്ടെന്ന് വർഗീസ് തരകൻ പറയുന്നു. ഇതിന്‍റെ ഫലമായാണ് കടുത്ത ജലക്ഷാമം നേരിട്ടിരുന്ന കുറുമാൽ കുന്ന് പ്രദേശം ഇന്ന് ജലസമൃദ്ധമായതെന്നും വർഗീസ് അവകാശപ്പെടുന്നു.
തരകന്റെ പ്ലാവ് കൃഷിയും ജലസംരക്ഷണവും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ക്ഷോണിമിത്ര പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ശുദ്ധജലം, വായു, എല്ലാവർക്കും ഭക്ഷണം എന്നിവയ്ക്കായുള്ള പരിശ്രമങ്ങളിൽ ശ്രദ്ധേയമായ ഉദ്യമങ്ങൾക്കുള്ള രാജ്യാന്തര പുരസ്‌കാരമായ വാഫാ (WAFA വാട്ടർ എയർ ഫുഡ്) അവാർഡിന്റെ പ്രാഥമിക പട്ടികയിൽ ആയുർ ജാക്ക് ഫാമിന്റെ പേരിൽ വർഗീസ് തരകനും സ്ഥാനം പിടിക്കുകയുണ്ടായി. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെ അതിജീവിച്ച പ്രദേശങ്ങളിലൊന്നാണ് ആയുർജാക്ക് ഫാം.