തൃശൂർ: രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ വയനാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ട് അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയതായി സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ അറിയിച്ചു. തൃശൂരിൽ ചേർന്ന എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.
എസ്എഫ്ഐ വയനാട് ജില്ല ജോയിന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എൽദോസ് മത്തായി കൺവീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതല. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് തീരുമാനിക്കേണ്ടത് ദേശീയ, സംസ്ഥാന നേതൃത്വമായിരുന്നുവെന്നും അക്രമം സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും അനുശ്രീ പറഞ്ഞു.