തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയുടെ ദുരവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വീണ്ടും സമരത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദേശീയ പാതയിലെ കുഴികളില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ടത് ഇരുനൂറ്റിയമ്പതോളം പേര്‍ക്കാണ്. ഇതിന് ശ്വാശ്വതമായ പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുതിരാനിലെ ഗതാഗതക്കുരുക്ക് നാടിന്‍റെ നിത്യശാപമായി തുടരുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കുതിരാന് തുരങ്കത്തിന്‍റെ പണി എന്ന് തീരുമെന്ന് ഒരു നിശ്ചയവുമില്ല. പ്രദേശത്തുള്ളവര്‍ക്ക് വിശ്വസിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇടയ്‌ക്ക് കുഴികള്‍ അടയ്‌ക്കുമെങ്കിലും വീണ്ടും റോഡിന്‍റെ അവസ്ഥ പഴയപോലെയാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കുതിരാന് സമീപം ഇരുമ്പ് പാലത്ത് സൂചനാ സമരം നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരക്കാരുമായി സംസാരിച്ചു. നാട്ടുകാര്‍ തയ്യാറാക്കിയ നിവേദനവും അദ്ദേഹത്തിന് സമര്‍പ്പിച്ചു. വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.