തൃശൂർ: വരിനെല്ലിൽ വലഞ്ഞ് തൃശൂർ മുല്ലശേരി വെങ്കിടങ് മേഖലയിലെ നെൽ കർഷകർ. വായ്‌പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും മുണ്ടകൻ, പുഞ്ച കൃഷിയിറക്കിയ അയ്യായിരത്തോളം കർഷകരാണ് പാടശേഖരങ്ങളിൽ വരിനെൽ നിറഞ്ഞതോടെ പ്രതിസന്ധിയിലായത്. തൃശൂർ മുല്ലശേരി വെങ്കിടങ് മേഖലയിലെ കോൾപ്പാടങ്ങളിൽ നെല്ലിനൊപ്പം വരിനെല്ല് കൂടി നിറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.
മറ്റ് കളകൾ നശിപ്പിക്കാൻ മരുന്നുണ്ടെങ്കിലും വരിനെല്ലിന് മരുന്നില്ല. നെല്ലിന് നൽകുന്ന വളം വരിനെല്ല് വലിച്ചെടുക്കും. നെൽച്ചെടി കതിരിടുന്നതിന് മുൻപ് വരിനെല്ല് വളർന്ന് നെല്ലിന് സൂര്യപ്രകാശം ലഭിക്കാത്ത രീതിയിലാക്കുകയും ഇതുവഴി നെല്ലിൻ്റെ വളർച്ച മന്ദ ഗതിയിലാകുകയും ചെയ്യും. ഇത് 30 ശതമാനം വരെ വിളവിൽ കുറവുണ്ടാക്കുമെന്ന് കർഷകർ പറയുന്നു.
ജില്ലയിൽ മതൂക്കര തെക്ക്-വടക്ക്, പോണ്ണമുത, ഏലമുത, കരിമ്പാടം, കോഞ്ചിറ തുടങ്ങി ഭൂരിഭാഗം പടവുകളിലും കർഷകർ വരിനെല്ല് ഭീഷണി നേരിടുകയാണ്. മരുന്നുകൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യത്തിൽ വരികൾ പിഴുതു കളയുകയാണ് കർഷകർ ചെയ്യുന്നത്. ഇത് ഭാരിച്ച കൂലി ചെലവാണ് കർഷകർക്കുണ്ടാക്കുന്നത്. ഒരു ഏക്കറിൽ വരിനെല്ല് വലിക്കാൻ 30 മുതൽ 40 രൂപവരെയാണ് കൂലി. ഒരു തൊഴിലാളിക്ക് ദിവസം 500 രൂപ കൂലി നൽകണം.
നെൽക്കൃഷിയിൽ നിന്നും ലഭിക്കുന്ന നേരിയ ലാഭത്തിൽ നിന്നും അധിക കൂലിയുടെ ചെലവുകൾ കൂടിയാകുമ്പോൾ നെൽകൃഷി ഇത്തവണ ലാഭകരമാകില്ലെന്നാണ് കർഷകർ കണക്ക് കൂട്ടുന്നത്. വരി നെല്ലിന് മരുന്ന് കണ്ടെത്താത്തത് അടുത്ത കൃഷിക്കാലത്ത് വരി ആക്രമണം ഇരട്ടിയാക്കുമെന്ന് കർഷകർ പറയുന്നു.