തൃശൂര്‍: മാപ്രാണം വാലത്ത് രാജന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. പറപ്പൂക്കര സ്വദേശി കള്ളായി അനീഷ്, പാഴായി സ്വദേശി കൊപ്പാട്ടില്‍ ഗോകുല്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പാഴായിലുള്ള ഗോകുലിന്റെ വീട്ടില്‍ എത്തിയതറിഞ്ഞ് പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികളെ മാപ്രാണത്തെ കൊല്ലപ്പെട്ട രാജന്‍റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. ആക്രമണത്തില്‍ കുത്തേറ്റ രാജന്‍റെ മരുമകന്‍ വിനോദ് പ്രതികളെ തിരിച്ചറിഞ്ഞു.
മാപ്രാണം വര്‍ണാ തിയേറ്ററിലെ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ലോട്ടറി വ്യാപാരിയായ വാലത്ത് രാജന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ മുഖ്യപ്രതി സഞ്ജയ് രവിയെയും കൂട്ടാളി മണികണ്ഠനെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കൊലപാതകത്തിന് മുമ്പ് പ്രതികൾ ബിയര്‍ വൈന്‍ പാര്‍ലറില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തിന്‍റെ തെളിവെടുപ്പും നടത്തി. ബിയര്‍ പാര്‍ലറില്‍ നടത്തിയ ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സി.ഐ ബിജോയ് പി.ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.